മഴക്കെടുതിയില്‍ ദുരന്തമനുഭവിച്ച കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ല; മുഖ്യമന്ത്രി
The government will not abandon the families affected by the rains; Chief Minister
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതൂവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലുമായി ഇതുവരെ 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
മഴക്കെടുതിയിൽ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസ്ഥാന നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി 25ന് തിങ്കളാഴ്ചയാണ് സമ്മേളനം നടത്തുക. എംഎൽഎമാര്‍ക്ക് അവരവരുടെ മണ്ഡലങ്ങളില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുള്ളതിനിലാണ് സഭ സമ്മേളനം 25 വരെ നിര്‍ത്തിവച്ചത്. ദുരിതം അനുഭവിക്കുന്നത് വരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ ആവര്‍ത്തിച്ച് പറഞ്ഞു.
മഴക്കെടുതിയില്‍ ദുരന്തമനുഭവിച്ച കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ല. ജീവന് പകരമായി മറ്റൊന്നുമില്ല. നഷ്ടപരിഹാരം ഒന്നുമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിലേക്ക് നയിച്ച അതിതീവ്ര മഴയ്ക്ക് കാരണം ഇരട്ട ന്യൂനമര്‍ദ്ദമാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഒക്ടോബര്‍ 11 മുതൽ സംസ്ഥാനത്ത് വര്‍ധിച്ച തോതിലുള്ള മഴയാണ് ഉണ്ടാകുന്നത്. ഒക്ടോബര്‍ 13 മുതൽ 17 വരെ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴിയിൽ ഇരട്ട ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതിതീവ്രമായ മഴ ഉണ്ടായെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.
കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമായേക്കാം. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മഴക്കെടുതിയിൽ 217 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 1,393 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായെന്നും കാലം തെറ്റിയെത്തുന്ന പ്രകൃതി ദുരന്തങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി വലിയ നാശ നഷ്ടങ്ങളുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍ഫോഴ്‌സ്, നേവി ഹെലികോപ്ടറുകള്‍ സജ്ജമാണ്. സംസ്ഥാനത്താകെ 304 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 3,851 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 11 ടീം രംഗത്തുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.