പാർലമെൻറ്, ജുഡീഷ്യറി സംവിധാനങ്ങളെ പോലും വിലക്കെടുത്തുകൊണ്ടാണ് ഫാഷിസ്റ്റ് ഭരണകൂടം മുന്നോട്ട് പോകുന്നത്: ഇ.ടി മുഹമ്മദ് ബഷീർ. എം.പി
The fascist regime is moving forward by bribing even the parliamentary and judicial systems: ET Muhammad Basheer. MP
ദോഹ: സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മുഴുവന്‍ ജനാധിപത്യ മൂല്യങ്ങളെയും നശിപ്പിച്ചുകൊണ്ടും ജുഡീഷ്യറിയെയും പാർലമെൻറിനെയും വരെ വിലക്കെടുത്തും കൊണ്ടാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം മുന്നോട്ട് പോകുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി.കൾച്ചറൽ ഫോറം ഖത്തർ സംഘടിപ്പിച്ച ഇന്ത്യക്ക് കാവലാവുക നീതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ പദവി ഏകാധിപത്യത്തിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഫാഷിസം വേരൂന്നി നിൽക്കുന്നത് സവർണ്ണാധിപത്യ മൂല്യങ്ങളിലാണ്, അതിനാൽ ജനകീയ പ്രതിഷേധം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ടി എൻ പ്രതാപൻ എം പി സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കാർഷിക വിപണി വരെ കർഷകൻറെ അവകാശങ്ങള്‍ക്ക് വില കൽപിക്കാതെ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുകയാണെന്നും ജനകീയ പ്രക്ഷോഭങ്ങൾക്ക് വില കൊടുക്കാത്ത ഭരണാധികാരികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹൈക്കോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വക്കേററ് ഹരീഷ് വാസുദേവന്‍, മാധ്യമ പ്രവർത്തകനും സാമൂഹ്യ നിരീക്ഷകനുമായ ശ്രീജിത്ത് ദിവാകരൻ, വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഗണേഷ് വടേരി, കൾച്ചറൽ ഫോറം ആക്ടിംഗ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നീതി സംഗമത്തിൽ സംസാരിച്ചു.
ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരമായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും പ്രതികൾക്കൊപ്പം നിന്ന് പെൺകുട്ടിയുടെ കുടുംബത്തെ വേട്ടയാടുന്ന യു പി പോലീസും അതിനെതിരെ വ്യാപകമായി പ്രതിഷേധമുയർന്നിട്ടും കേന്ദ്ര സർക്കാർ മൌനം തുടരുകയാണ്. ഇന്ത്യയുടെ മുഴുവന്‍ ജനാധിപത്യ മൂല്യങ്ങളെയും മതനിരപേക്ഷതയെയും നീതിന്യായ സംവിധാനത്തെയും വരെ അട്ടിമറിച്ചുകൊണ്ട് ഏകശിലാ സംസ്കാരത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകുകയാണ് കേന്ദ്ര സർക്കാർ. ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ തുടരുന്ന ആക്രമണങ്ങൾക്കെതിരെയും പരിസ്ഥിതി, കാർഷിക മേഖല,വിദ്യാഭ്യാസ മേഖല തുടങ്ങിയവയിലൊക്കെ ഏകാധിപത്യ സ്വഭാവത്തിൽ ജനകീയ പ്രതിഷേധങ്ങൾ വകവെക്കാതെ മാറ്റങ്ങളും നിയമ നിർമ്മാണങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ബി ജെ പി സർക്കാറിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട് എന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സംഗമത്തിൽ കൾച്ചറൽ ഫോറം ജനറല്‍ സെക്രട്ടറി മജീദലി സ്വാഗതം പറഞ്ഞു.