India

പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി കര്‍ഷകൻ ജീവനൊടുക്കി

The farmer committed suicide by writing a letter to the Prime Minister

ഭോപ്പാൽ: പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി വെച്ച ശേഷം കര്‍ഷകൻ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ബുന്ദൽഖണ്ഡിലാണ് സംഭവം. പ്രധാനമന്ത്രിയുടെ പേരിൽ അഞ്ച് പേജോളം വരുന്ന ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷമാണ് കര്‍ഷകൻ ജീവനൊടുക്കിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തന്‍റെ മൃതദേഹം സര്‍ക്കാരിനു കൈമാറണമെന്നും തന്‍റെ അവയവങ്ങള്‍ വിറ്റാൽ മാത്രമേ 88,000 രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ സാധിക്കൂവന്നും ഇദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയി്ടടുണ്ട്.

ഒരു ചെറിയ മിൽ നടത്തിയിരുന്ന ഇദ്ദേഹത്തിന് മൂന്ന് പെൺമക്കളും ഒരു മകനുമാണ് ഉള്ളത്. കൃഷിയ്ക്ക് പുറമെ ഇദ്ദേഹത്തിന് ചെറിയൊരു മില്ലും ഉണ്ടായിരുന്നു. ഇദ്ദേഹത്തിൻ്റെ മില്ലും ഉപയോഗിച്ചിരുന്ന ബൈക്കും വൈദ്യുത വിതരണ കമ്പനി കണ്ടുകെട്ടിയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. മരിച്ചയാളുടെ സഹോദരനും വൈദ്യുത വിതരണ കമ്പനിയ്ക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്. തന്‍റെ സ്ഥാപനത്തിൽ നിന്നുണ്ടായ അപമാനം മൂലമാണ് സഹോദരൻ ജീവനൊടുക്കിയതെന്നും ഫ്ലോര്‍ മില്ലും ഇരുചക്രവാഹനവും കമ്പനി കണ്ടുകെട്ടിയതോടെ ഇദ്ദേഹം വലിയ മാനസികു വിഷമത്തിലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

ഈ വര്‍ഷത്തെ വിളവെടുപ്പ് മോശമായതിനാലാണ് വൈദ്യുതി ബിൽ അടയ്ക്കുന്നത് മുടങ്ങിയതെന്നും ഇദ്ദേഹം പറഞ്ഞു. എല്ലാ മാസവും ശരാശരി 3000ഉം 4000ഉം ബിൽ വന്നിരുന്ന സ്ഥാനത്ത് പെട്ടെന്നാണ് 80,000 രൂപ ബിൽ വന്നതെന്നും എന്നാൽ ഇത് അടയ്ക്കാനുള്ള സാവകാശം പോലും നല്‍കാതെ കമ്പനി വക്കീൽ നോട്ടീസയയ്ക്കുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയുമായിരുന്നുവെന്നും സഹോദരൻ ആരോപിച്ചു. പണം നൽകാൻ കുറച്ചു സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുവദിച്ചില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി വേണമമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ആത്മഹത്യ ചെയ്ത കര്‍ഷകൻ ആത്മഹത്യാക്കുറിപ്പിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. “വലിയ രാഷ്ട്രീയക്കാരും ബിസിനസുകാരും അഴിമതി നടത്തിയാൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിക്കില്ല. അവര്‍ക്ക് വായ്പ തിരിച്ചടയ്ക്കാൻ ഇഷ്ടം പോലെ സമയം അനുവദിക്കുന്നു, വായ്പയിൽ ഇളവും നല്‍കുന്നു. എന്നാൽ പാവപ്പെട്ടവര്‍ ചെറിയൊരു തുക പോലും ലോൺ എടുത്താൽ, എന്തുകൊണ്ടാണ് തിരിച്ചടയ്ക്കാത്തതെന്ന് സര്‍ക്കാര്‍ ചോദിക്കുക പോലും ചെയ്യുന്നില്ല, പകരം അവരെ പരസ്യമായി അപമാനിക്കുന്നു.”

ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി സ്ഥലത്തെ പോലീസ് സ്റ്റേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. വിഷമിക്കരുതെന്ന് ഇദ്ദേഹത്തോട് അച്ഛനും സഹോദരനും പറഞ്ഞിരുന്നുവെന്നും എന്നാൽ ഭാര്യ മടങ്ങി വീട്ടിലെത്തിയപ്പോള്‍ ബിൽ അടയ്ക്കാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ ബഹളമുണ്ടായെന്നും പോലീസ് പറഞ്ഞു. ഇതിനു ശേഷമായിരുന്നു ആത്മഹത്യ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മാത്ഗുവ പോലീസ് അറിയിച്ചു.

കര്‍ഷകരെയും സാധാരണക്കാരെയും വൈദ്യുത വിതരണ കമ്പനികള‍് അപകമാനിക്കുന്നത് പതിവാണെന്നും ഇവര്‍ വീടുകളിൽ നിന്ന് ട്രാക്ടറുകളും ട്രോളികളും ഉള്‍പ്പെടെയുള്ളവ എടുത്തുകൊണ്ടു പോകാറുണ്ടെന്നും കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ഹര്‍ഷ് യാദവ് പറഞ്ഞതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിൽ വൈദ്യുത വിതരണ കമ്പനിയുടെ പ്രതിനിധികള്‍ പ്രതികരിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമത്തിൻ്റെ റിപ്പോര്‍ട്ട്. ആത്മഹത്യയ്ക്ക് ആരെങ്കിലും ഉത്തരവാദികളാണെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് അടിയന്തര ധനസഹായമായി 25,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button