World

നൂറ്റാണ്ടില്‍ ഒരിക്കല്‍ വരുന്ന മഹാമാരി, കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നീണ്ടുനിൽക്കും; ലോകാരോഗ്യസംഘടന

ജനീവ: ലോകത്താകമാനം വ്യാപിച്ച കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്ക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡബ്ല്യൂഎച്ച്ഒ അടിയന്തരസമിതി ഈ മുന്നറിയിപ്പു നല്കിയത്.

18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ഡബ്ല്യൂഎച്ച്ഒ അടിയന്തരസമിതി കോവിഡ് കാലത്ത് നാലാം തവണയാണ് ചേരുന്നത്. ചൈനയ്ക്ക് പുറത്ത് നൂറു കേസുകളും ഒറ്റ മരണം പോലും ഇല്ലാതിരിക്കുകയും ചെയ്തപ്പോഴാണ് പൊതുആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.

നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരിയാണിത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങള്‍ നീണ്ടുനില്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ സമയം വൈകിയാണ് ഡബ്ല്യൂഎച്ച്ഒ ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് വിവിധ കോണുകളില്‍നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഡിസംബറിലാണ് ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ ലോകമെമ്പാടും വൈറസ് പടര്‍ന്നു. 17.3 ദശലക്ഷം ആളുകള്‍ക്കാണു ഇതിനോടകം കോവിഡ് ബാധിച്ചത്. 6,75,000 പേര്‍ മരിച്ചു.

പുതിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സമിതി ആലോചിക്കുന്നുണ്ട്. എത്രയും പെട്ടെന്നു വാക്‌സിന്‍ വികസിപ്പിക്കുന്നതു മാത്രമാണു കോവിഡ് നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരമെന്നു ടെഡ്രോസ് പറഞ്ഞു.

ലോകരാജ്യങ്ങളെല്ലാം വാക്‌സിനായുള്ള പരീക്ഷണ ശാലകളിലാണ്. വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നും ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വൈറസിനെ ചെറുക്കാന്‍ സജ്ജരാകണമെന്നും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button