Kerala

കുസാറ്റ് ദുരന്തം; സാമ്പത്തികമായി സഹായമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

The Cusat disaster

തിരുവനന്തപുരം: കൊച്ചി സര്‍വകലാശാല ദുരന്തത്തില്‍ മരിച്ച നാല് കുട്ടികളുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മരിച്ച നാലു പേരും കാര്യമായ സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബങ്ങളിലെ അംഗങ്ങളല്ലെന്നും  കുസാറ്റ് ദുരന്തത്തിലൂടെ നാല് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലാതായത്. അതുകൊണ്ടു തന്നെ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തിര തീരുമാനം എടുക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണരൂപം

കൊച്ചി സര്‍വകലാശാല(CUSAT) യിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ‘ധിഷ്ണ’- ടെക്‌നിക്കല്‍ ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിക്കുകയും 64 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത ദാരുണമായ സംഭവം ഏറെ ദുഃഖകരമാണ്.

കൂത്താട്ടുകുളം സ്വദേശിയും സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശേരി സ്വദേശി സാറാ തോമസ്, കുസാറ്റിന് പുറത്ത് നിന്നുള്ള പാലക്കാട് മുണ്ടൂര്‍ തൈകാട്ടുശ്ശേരി സ്വദേശി ആല്‍ബിന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയിലാണ്.

മരിച്ച നാലു പേരും കാര്യമായ സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബങ്ങളിലെ അംഗങ്ങളല്ലെന്നത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. കുസാറ്റ് ദുരന്തത്തിലൂടെ നാല് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലാതായത്. അതുകൊണ്ടു തന്നെ ഈ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടതുണ്ട്.

ദുരന്തത്തില്‍ മരിച്ച നാല് കുട്ടികളുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നത് സംബന്ധിച്ച് അടിയന്തിര തീരുമാനം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button