ഖത്തറില്‍ കൊവിഡ് ഭേദമായവരിൽ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു; സുരക്ഷ ഉറപ്പാക്കുവാൻ നിർദ്ദേശം.
The Corona virus has been re-confirmed in Covid patients; Suggestion to ensure safety.
ദോഹ: ഖത്തറില്‍ നാല്‍പത്തിയഞ്ചോളം പേര്‍ക്ക് രണ്ടാമതും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ഖത്തർ വീല്‍ കോര്‍ണര്‍ മെഡിക്കല്‍ കോളേജ് പകര്‍ച്ച വ്യാധി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ ലാത്തിഹ് അബൂ റദ്ദാദ് പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാമത് വൈറസ് പകരുന്ന സംഭവം രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് ശതമാനം മാത്രമാണെന്നും രണ്ടാം തവണ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഗുരുതരമായ ആരോഗ്യ പ്രശനങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വികസിത രാഷ്ട്രങ്ങളില്‍ അടക്കം കൊവിഡ് സുഖപ്പെട്ടവര്‍ക്ക് വീണ്ടും വൈറസ് ബാധയേല്‍ക്കുന്നതിനെ പറ്റിയുള്ള പഠനങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ വൈറസ് പരിപൂർണമായി നിയന്ത്രണ വിധേയമാക്കണമെങ്കിൽ വാക്‌സിന്‍ കണ്ടെത്തുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ നടപടികൾ ശക്തമാക്കി.
ഖത്തറില്‍ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്ന സമയത്ത് ഇഹ്തിറാസ് ആപ്പ്‌ളിക്കേഷനിലെ സ്റ്റാറ്റസ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണിക്കുന്നതിനായി സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു. നിങ്ങളുടെ സുരക്ഷയാണ് എന്റെ സുരക്ഷ എന്ന ഖത്തര്‍ സര്‍ക്കാർ ക്യാമ്പയിനിന്റെ ഭാഗമായാണിത്.
എല്ലാവരും സുരക്ഷാ മുൻകരുതലുകളിൽ യാതൊരു വിധ വീഴ്ചയും വരുത്തരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.