Gulf News

ഗള്‍ഫ് പ്രതിസന്ധിക്ക് സമ്പൂര്‍ണ പരിഹാരം

The complete solution to the Gulf crisis

ദോഹ: ഈ മാസം ബഹ്‌റൈനില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ ഉപരോധത്തെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധിയുടെ കാര്യത്തില്‍ അന്തിമ പരിഹാരമുണ്ടാവുമെന്ന് കുവൈത്ത് ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കുവൈത്ത് നടത്തിയ അനുരഞ്ജന ചര്‍ച്ചകളില്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ യോജിപ്പുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്‌നത്തിനുള്ള അന്തിമ പരിഹാരം ജിസിസി ഉച്ചകോടിയില്‍ വച്ച് കൈക്കൊള്ളാമെന്ന കാര്യത്തില്‍ ധാരണയായതെന്നും കുവൈത്ത് നയതന്ത്ര പ്രതിനിധികള്‍ വ്യക്തമാക്കി.

ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് പ്രധാന തര്‍ക്കങ്ങളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും വ്യവസ്ഥകളും ഇതിനായി പ്രത്യേകം രൂപീകരിക്കുന്ന ജിസിസി സമിതികള്‍ വിശകലനം ചെയ്യും.
ഭാവിയില്‍ ഇത്തരം തര്‍ക്കങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കുന്നതിനുള്ള മുന്‍കരുതലുകളും ജിസിസിയുടെ നേതൃത്വത്തില്‍ കൈക്കൊള്ളും. അറബ് കൂട്ടായ്മയുടെ കെട്ടുറപ്പും സ്ഥിരതയും ഉറപ്പുവരുത്തുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതിന് വഴിതുറന്നതായി കഴിഞ്ഞ ദിവസം ഖത്തര്‍, സൗദി, കുവൈത്ത് പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. പ്രശ്‌ന പരിഹാര ശ്രമങ്ങളെ യൂറോപ്യന്‍ യൂനിയനും അമേരിക്കയും ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുഎഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ നയതന്ത്ര-ഗതാഗത-കച്ചവട ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം, ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കണം, അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണം തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു ഉപരോധം. എന്നാല്‍ തങ്ങള്‍ക്കെതിരേ ഉപരോധ രാജ്യങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്ന നിലപാടിലാണ് ഖത്തര്‍. ഓരോ രാജ്യത്തിന്റെയും പരമാധികാരവും സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കപ്പെടണമെന്നും പരസ്പര ബഹുമാനത്തോടെ അനുരഞ്ജന ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുവാനാണ് ആഗ്രഹിക്കുന്നതെന്നും ഖത്തര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button