‘പരാതിക്കാരിക്ക് നിയമം അറിയാം’; പി സി ജോർജിനെതിരായ പീഡനക്കേസിൽ കോടതിക്ക് സംശയം
'The complainant knows the law'; The court has doubts about the molestation case against PC George
തിരുവനന്തപുരം: പി സി ജോർജിനെതിരായ സോളാർ കേസ് പ്രതിയുടെ ലൈംഗിക പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി നൽകാൻ അഞ്ച് മാസം വൈകിയതിന്റെ യഥാർത്ഥ കാരണം ബോധിപ്പിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. ജോർജിന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്-3 കോടതിയാണ് ജോർജിന് ജാമ്യം നൽകിയത്.
അഞ്ച് മാസങ്ങൾക്കു മുൻപ് ഫെബ്രുവരി 10ന് പീഡനം നടന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ എന്തുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്ന് പരാതിക്കാരിക്ക് ബോധിപ്പിക്കാൻ കഴിഞ്ഞില്ല. മുൻ മന്ത്രിക്കെതിരെ സമാനമായ വിഷയത്തിൽ പരാതി നൽകിയിട്ടുള്ള പരാതിക്കാരിക്ക് നിയമ നടപടിയെക്കുറിച്ച് കൃത്യമായ അറിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.
വേറൊരു കേസിൽ ചോദ്യം ചെയ്യാനാണ് ജോർജിനെ വിളിപ്പിച്ചത്. അതിന്റെ നടപടി ക്രമങ്ങൾ നടക്കവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത് സുപ്രീംകോടതി മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ 41 എ പ്രകാരം നോട്ടീസ് നൽകേണ്ടതാണ്. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിന് സാവകാശം നൽകണം. അത്തരത്തിലുള്ള നിയമ നടപടികൾ കേസിൽ പാലിച്ചില്ല.
അറസ്റ്റ് ചെയ്യപ്പെടുമ്പോൾ മറ്റൊരു കേസിലെ നിയമ നടപടിക്ക് ജോർജ് വിധേയനാകുകയായിരുന്നു. നിയമവുമായി സഹകരിക്കുന്ന ആളാണ് ജോർജെന്ന് ഇത് വ്യക്തമാക്കുന്നു. ഇക്കാര്യം കോടതിക്ക് ബോധ്യമായിട്ടുണ്ടെന്ന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് സോളാർ കേസ് പ്രതിയുടെ പീഡന പരാതിയെക്കുറിച്ച് പോലീസ് ജോർജിനോട് പറയുന്നത്. മ്യൂസിയം പോലീസാണ് കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിലാണ് പി സി ജോർജിനെ ചോദ്യം ചെയ്യാൻ ഇന്നു വിളിച്ചു വരുത്തിയത്. താൻ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ജോർജ് അറിഞ്ഞിരുന്നില്ല. ആരോപണം ഉന്നയിക്കാൻ ജോർജ് സമ്മർദ്ദം ചെലുത്തിയെന്ന കേസിൽ സോളാർ കേസ് പ്രതിയായ വനിത നൽകിയ രഹസ്യ മൊഴി പരിശോധിച്ച ശേഷമാണ് ജോർജിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്.