ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് കൂടി നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി
The CM also decided to conduct RTPCR test for those who are negative in antigen test
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സംശയിക്കുന്നവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ ടി പി സി ആർ ടെസ്റ്റ് കൂടി നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിനാവശ്യമായ ശക്തമായ നടപടികൾ എല്ലാ ജില്ലകളിലും സ്വീകരിക്കും.
ഗർഭിണികൾക്കും ഡയാലിസിസ് വേണ്ടവർക്കും കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ അവശ്യമായ ചികിത്സാ സൗകര്യം വിലയിരുത്തുന്നതിനും അതിനനുസരിച്ച് അത് തയ്യാറാക്കുന്നതിനും നിർദ്ദേശം നൽകി. ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ട രീതിയിൽ ബെഡുകൾ തയ്യാറാക്കുന്നതിനു വേണ്ട നടപടികളും സ്വീകരിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കാസർഗോഡ്, എറണാകുളം ജില്ലകളിൽ കേസ് പെർ മില്യൺ കഴിഞ്ഞ ആഴ്ചയിൽ വർധിച്ചു. തിരുവന്തപുരം ഒഴികെയുള്ള ജില്ലകളിലെ ഡബിളിങ്ങ് റേറ്റ് കുറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസോലേറ്റ് ചെയ്യാനുമുള്ള നടപടികൾ ത്വരിതപ്പെടുത്താൻ നിർദ്ദേശം നൽകി. അതോടൊപ്പം മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ കൂടുതൽ കർശനമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം ബുധനാഴ്ച 1,182 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 1,155 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. 14 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 516 പേര്‍ സ്ത്രീകളും 666 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 124 പേരും 60 വയസിനു മുകളിലുള്ള 185 പേരുമുണ്ട്. പുതുതായി 3,298 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,920 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,611 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,867 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 820 പേര്‍ ഇന്ന് രോഗമുക്തി നേടി.