ലഖ്‌നൗ: ഹാഥ്രസിൽ പത്തൊമ്പതുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. ചികിത്സയിൽ കഴിയുന്നതിനിടെ സെപ്റ്റംബർ 29നായിരുന്നു ഹാഥ്രസിലെ പത്തൊമ്പതുകാരി മരിച്ചത്. നേരത്തെ സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മരണവും തുടര്‍ന്ന് മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ പോലീസ് നിര്‍ബന്ധമായി സംസ്‌കരിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേസിൽ ഉത്തർപ്രദേശ് പോലീസ് നടപടി വിവാദമായതിന് പിന്നാലെയായിരുന്നു യോഗി ആദിത്യനാഥ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രത്തിന് അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു.
ഹാഥ്രസ് കേസിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികൾക്ക് പിന്തുണയർപ്പിച്ച് ഉയർന്ന ജാതിക്കാർ യോഗം ചേർന്നതും ചർച്ചയായിരുന്നു. ബിജെപി നേതാവിന്‍റെ വീട്ടിലായിരുന്നു ഇവർ യോഗം ചേർന്നത്. യുവതിയുടെ കുടുംബത്തെ പിന്തുണച്ച് ബിജെപി എംപി രംഗത്തെത്തിയതും ഇതിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതും ചർച്ചയാകുമ്പോഴാണ് ഏറ്റെടുത്തിരിക്കുന്നത്. മണ്ഡലത്തിലെ എംപിയായ രജ്‍വീര്‍ ദിലറും മകള്‍ മഞ്ജു ദിലറുമായിരുന്നു ഇരയുടെ കുടുംബത്തെ പരസ്യമായി പിന്തുണച്ച് രംഗത്തു വന്നത്. മഞ്ജു ദിലര്‍ ശുചീരകണ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ദേശീയ സമിതിയിലെ അംഗം കൂടിയാണ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപി ഉത്തര്‍പ്രദേശ് ഡിജിപിയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു. അതേസമയം, മഞ്ജു ദിലറും ഇരയുടെ കുടുംബവും വാൽമീകി സമുദായത്തിൽപ്പെട്ടവരായതുകൊണ്ടാണ് യുവതിയുടെ കുടുംബത്തെ സഹായിക്കുന്നതെന്നാണ് പ്രാദേശിക ബിജെപി നേതാക്കളുടെ ആരോപണം. പ്രതികള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും മുൻ ബിജെപി എംഎൽഎയായ രജ്‍വീര്‍ സിങ് പഹൽവാൻ ആരോപിച്ചു.