പി വി അൻവറിന്റെ തടയണകള്‍ പൊളിച്ചുമാറ്റുന്നതിനായുള്ള ടെന്‍ഡറിനുള്ള നടപടികള്‍ തുടങ്ങി; ചെലവ് 60,000 രൂപ
Tender process begins for demolition of PV Anwar's barricades; The cost is Rs 60,000
കോഴിക്കോട്: പി വി അൻവര്‍ എംഎൽഎയുടെ കോഴിക്കോട് കക്കാടംപൊയിലിലെ പാര്‍ക്കിന്റെ തടയണകള്‍ പൊളിച്ചുമാറ്റാൻ ഒരുങ്ങി കൂടരഞ്ഞി പഞ്ചായത്ത്. പൊളിച്ചുമാറ്റുന്നതിനായുള്ള ടെന്‍ഡറിനുള്ള നടപടികള്‍ തുടങ്ങി.
വിവാദ തടയണകള്‍ പൊളിച്ചുമാറ്റുന്നതിന് ജില്ലാ കളക്ടര്‍ അനുവദിച്ച ഒരു മാസത്തെ സമയം അവസാനിച്ചതിനെ തുടര്‍ന്നാണ് ഇത് പൊളിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായി തടയണയിൽ കെട്ടി നിര്‍ത്തിയിരുന്ന വെള്ളം ഒഴുക്കി കളഞ്ഞു.
ഇനി ടെൻഡര്‍ നടപടികളിലേക്ക് കടക്കും. ഇതിന് ഏകദേശം അറുപതിനായിരം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ശുദ്ധജലക്ഷാമം നേരിട്ടിരുന്ന പ്രദേശത്ത് ജലദൗര്‍ലഭ്യം മാറിയത് തടയണ കെട്ടിയതോടെയാണെന്നാണ് ചില നാട്ടുകാര്‍ അവകാശപ്പെടുന്നത്. അതിനാൽ തന്നെ ജലസംഭരണി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കളക്ടറെ സമീപിച്ചിരുന്നു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. അതിനിടെ തടയണകള്‍ എത്രയും വേഗം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തുവന്നു.
അതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മണി ചെയിൻ തതട്ടിപ്പ് ആരോപണവുമായി പി വി അൻവര്‍ എംഎൽഎ രംഗത്തുവന്നു. വി.ഡി. സതീശന്‍ 650 രൂപ വച്ച് 6,65,600 രൂപ സ്വന്തമാക്കിയെന്ന് വ്യക്തമാക്കുന്ന രേഖയാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
“650 രൂപ വച്ചാല്‍ 6,65600 രൂപ കിട്ടുന്ന ആ അത്ഭുത ധനകാര്യ വിദ്യ എല്ലാവര്‍ക്കും ഒന്ന് പറഞ്ഞ് കൊടുക്കണെന്നാണ് അന്‍വര്‍ പറയുന്നത്. ഇത് കൈയ്യില്‍ ഉള്ളപ്പോള്‍ ആണോ ന്യായ് പദ്ധതിയും കൊണ്ടിറങ്ങിയതെന്നും അദ്ദേഹം പരിഹസിക്കുന്നു.
ഇന്‍കം പ്രൂഫായി ഇത് വിതരണം ചെയ്തവര്‍ ഇന്നും സഭയിലുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ സതീശന്‍ മറുപടി പറയേണ്ടി വരുമെന്ന്” അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.