India

മുംബൈയിൽ ക്ഷേത്രത്തിൽ തീപിടുത്തം; രണ്ട് മരണം

Temple fire in Mumbai; Two deaths

മുംബൈ: കാണ്ഡിവാലിയിലെ ഭണ്ഡാർ പഖാജി റോഡിലുള്ള സായ്ബാബ ക്ഷേത്രത്തിൽ തീപിടുത്തം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചയോടെയാണ് ക്ഷേത്രത്തിൽ തീപിടുത്തമുണ്ടായത്. സുഭാഷ് ഖോഡെ (25), യുവരാജ് പവാർ (25) എന്നിവരാണ് മരിച്ചത്. മന്നു രാധേശ്യം ഗുപ്ത എന്ന ഇരുപത്താറുകാരാനാണ് ചികിത്സയിൽ കഴിയുന്നത്.

ഷോർട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 4.14 ഓടെയാണ് തീപിടിത്തം പുറത്തറിഞ്ഞതെന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. 4.40ഓടെ തന്നെ മുംബൈ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.

‘പുലർച്ചെ 4.15ഓടെയാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നത്. അറിയിപ്പ് കിട്ടിയ ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തുകയും ചെയ്തു. 4.40ഓടെയാണ് അഗ്നി നിയന്ത്രണവിധേയമാക്കിയത്. അതൊരു ചെറിയ തീപിടുത്തമായിരുന്നു’ അഗ്നിശമന സേന ഉദ്യോഗസ്ഥൻ പറഞ്ഞു.

‘അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ അപ്പോഴേക്കും മരിച്ചിരുന്നു. മൂന്നാമത്തെയാളുടെ നില ഗുരുതരമായതിനെ തുടർന്ന് സിയോൺ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ പുരോഗമിക്കുന്നുണ്ടെങ്കിലും ഇയാളുടെ അവസ്ഥ വളരെ മോശമാണ്’ ഉദ്യോഗസ്ഥർ പറഞ്ഞു.

ചികിത്സയിൽ കഴിയുന്ന മന്നുവിന് 90- 95 ശതമാനം പരിക്കേറ്റിട്ടുണ്ടെന്നാണ് സിയോൺ ഹോസ്പിറ്റലിലെ ഡോ. നവീൻ പറയുന്നത്. നാട്ടുകാർ പറയുന്നത് അനുസരിച്ച് ഇവർ മൂന്ന് പേരും ക്ഷേത്രപരിസരത്താണ് ഉറങ്ങിയിരുന്നത്. സംഭവത്തിൽ അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ചാർകോപ് പോലീസ് സ്റ്റേഷൻ അധികൃതർ വ്യക്തമാക്കി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button