Kerala

ക്ഷേത്രപരിസരം വെള്ളത്തിൽ, ചെക്കനും പെണ്ണും ചെമ്പിൽ; ഒരു കല്യാണം

Temple area in water, checker and woman in copper; A wedding

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട് മേഖല വെള്ളത്തിൽ മുങ്ങിയതോടെ ആലപ്പുഴ സ്വദേശികളായ വധൂവരന്മാര്‍ വിവാഹത്തിനായി കണ്ടെത്തിയത് വ്യത്യസ്ത മാര്‍ഗം. കല്യാണമണ്ഡപത്തിനു ചുറ്റുമുള്ള സ്ഥലവും ക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രദേശവും വെള്ളത്തിൽ മുങ്ങിയതോടെ വധുവും വരനും ഒരു ചെമ്പിൽ കയറിയായിരുന്നു വിവാഹവേദിയിലെത്തിയത്.

തകഴി സ്വദേശിയായ ആകാശിൻ്റെയും അമ്പലപ്പുഴ സ്വദേശിയായ ഐശ്യര്യയുടെയും വിവാഹമാണ് വ്യത്യസ്തമായ രീതിയിൽ അറങ്ങേറിയത്. ഇരുവരും ചെങ്ങന്നൂരിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരാണ്. വധുവിനും വരനുമൊപ്പം ചുരുക്കം ചില ബന്ധുക്കൾ മാത്രമായിരുന്നു വിവാഹവേദിയിലേയ്ക്ക് എത്തിയത്. കൊവിഡ് മൂലമാണ് ബന്ധുക്കളുടെ എണ്ണം പരമാവധി കുറച്ചു നിർത്തിയതെന്ന് ഇവർ പറയുന്നു.

തലവടി പനയന്നൂര്‍ക്കാവ് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. നേരത്തെ തന്നെ വിവാഹത്തിനുള്ള തീയതിയും സ്ഥലവും നിശ്ചയിച്ചിരുന്നു. ഏതാനും ദിവസം മുൻപ് ക്ഷേത്രത്തിലെത്തിയിരുന്നുവെന്നും അന്ന് വെള്ളപ്പൊക്കം ഉണ്ടായിരുന്നില്ലെന്നും വധൂവരന്മാർ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതോടെ ക്ഷേത്രപരിസരം മുങ്ങി. എന്നാൽ വെള്ളക്കെട്ടുണ്ടായാലും വിവാഹം മാറ്റേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നുവെന്നും വധൂവരന്മാര്‍ പറയുന്നു. എന്നാൽ വെള്ളക്കെട്ട് ഉയര്‍ന്നതോടെ വിവാഹദിവസം ഒരുങ്ങിയെത്തിയ വധൂവരന്മാരെ പ്രദേശവാസികളായ ക്ഷേത്രഭാരവാഹികൾ ചേർന്ന് ചെമ്പിനുള്ളിലാക്കി വിവാഹവേദിയിലെത്തിക്കുകയായിരുന്നു. അടുത്തുള്ള ജംഗ്ഷനിൽ വരെ കാറിൽ വന്നെന്നും അവിടെ നിന്ന് യാത്ര ചെമ്പിനുള്ളിലായിരുന്നുവെന്നും ഇരുവരും മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. ഇരുവര്‍ക്കും കയറാൻ പാകത്തിനു വലുപ്പത്തിലുളള ചെമ്പ് ക്ഷേത്രഭാരവാഹികള്‍ തന്നെ ഒരുക്കിയിരുന്നു. വധുവിനെയും വരനെയും ചെമ്പിനുള്ളിലാക്കി ചെമ്പ് മുങ്ങാനെ വെള്ളത്തിലൂടെ നാലഞ്ചു പേര്‍ നടന്നു നീങ്ങുന്ന കാഴ്ചയാണ് വാര്‍ത്താ ചാനലുകളിൽ നിറഞ്ഞത്.

വെള്ളം കയറാത്ത ഉയര്‍ന്ന മണ്ഡപത്തിലായിരുന്നു താലികെട്ട് നടന്നത്. വിവാഹത്തിനു ശേഷം നവദമ്പതിമാര്‍ ക്ഷേത്രദര്‍ശനം നടത്തിയതും ചെമ്പിൽ കയറി തന്നെയായിരുന്നു. ഈ സമയത്ത് ക്ഷേത്രത്തിനു ചുറ്റും മുട്ടോളം പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു.

നിലവിൽ മഴ കുറഞ്ഞു നിൽക്കുകയാണെങ്കിലും ആലപ്പുഴ ജില്ലയിലെ പല നദികളിലും കിഴക്കൻ വെള്ളമൊഴുകിയെത്തിയതോടെ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇതിനോടകം വെള്ളത്തിലായിട്ടുണ്ട്. തലവടി, മുട്ടാര്‍, എടത്വാ, നീരേറ്റുപുറം പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിലാണ്. ഇവിടങ്ങളിൽ പല വീടുകള്‍ക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്.

അപ്പര്‍ കുട്ടനാട് മേഖലയിൽ ആയിരത്തോളം വീടുകളിൽ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. ഇവിടെ പ്രധാനറോഡുകളും പല ഗ്രാമീണ പാതകളും വെള്ളത്തിലാണ്. ഗതാഗത തടസ്സത്തിനു പുറമെ പല പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തിൻ്റെ അടിസ്ഥാനത്തിൽ കുട്ടനാട്ടിലെ വെള്ളക്കെട്ട് തുടരാനാണ് സാധ്യത.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button