2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത തേടി ഇന്ത്യ ഇന്ന് ഖത്തറിനെതിരെ ഇറങ്ങും. കുവൈത്തിന് ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് പശ്ചിമേഷ്യൻ വമ്പന്മാർക്കെതിരെ ഇറങ്ങുക. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്കെത്തുക എന്ന ലക്ഷ്യമാണ് ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ ഇന്ത്യൻ ലക്ഷ്യവെക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനമെങ്കിലും നിലനിർത്താൻ സാധിച്ചാൽ അടുത്തഘട്ടത്തിലേക്ക് ഇടം നേടാൻ സാധിക്കുന്നതാണ്. ഒപ്പം 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള യോഗ്യതയും ഇന്ത്യ ഇതിലൂടെ ലക്ഷ്യവെക്കുന്നുണ്ട്.
ഫിഫ റാങ്കിംഗിൽ അറുപത്തിയൊന്നാം സ്ഥാനത്തുള്ള 2022 ലോകകപ്പ് ആതിഥേയരായിരുന്ന ഖത്തർ, ഏഷ്യയിലെ ആറാമത്തെ മികച്ച ടീമെന്ന നിലയിൽ കടുത്ത വെല്ലുവിളിയാണ് ഇന്ത്യക്കെതിരെ ഉയർത്തുന്നത്. എന്നിരുന്നാലും, 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെതിരായ അവിസ്മരണീയമായ സമനില ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ഇന്ത്യ-ഖത്തർ മത്സരം തത്സമയം എവിടെ എപ്പോൾ കാണാം?
ഇന്ന് നവംബർ 21 ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ ഖത്തർ മത്സരം. ഒഡീഷ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ ഖത്തറിനെ നേരിടുക. നെറ്റ്വർക്ക് 18ന് എഐഎഫ്എഫ് ഫിഫ മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേഷണവകാശമുള്ളത്. നെറ്റ്വർക്ക് 18ന് സ്പോർട്സ് 18 ചാനലിലൂടെയാണ് ടെലിവിഷൻ സംപ്രേഷണം. ജിയോ സിനിമയിലൂടെ ഇന്ത്യ-ഖത്തർ മത്സരം സൌജന്യമായി കാണാൻ സാധിക്കും.
ഇന്ത്യൻ സ്ക്വാഡ്
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്.
പ്രതിരോധം : ആകാശ് മിശ്ര, ലാൽചുങ്‌നുംഗ, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, റോഷൻ സിംഗ് നൗറെം, സന്ദേശ് ജിംഗൻ, സുഭാശിഷ് ബോസ്.
മധ്യനിര: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, അപുയ, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, രോഹിത് കുമാർ, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിങ് കുമം.
ഫോർവേഡുകൾ: ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, രാഹുൽ കെപി, സുനിൽ ഛേത്രി.