തനിമ ഖത്തർ ഈദരങ്ങ് 2020 ഡിജിറ്റൽ സ്റ്റുഡിയോ ഫ്ളോറിൽ
ദോഹ: തനിമ ഖത്തർ ബലിപെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈദരങ്ങ് 2020-അതിജീവനത്തിന്റെ ആശ്വാസപ്പെരുന്നാൾ എന്ന പരിപാടി ഒരുങ്ങുന്നത് ഡിജിറ്റൽ സ്റ്റുഡിയോ ഫ്ളോറിൽ. എസ്.ഡി ലൈവ് ഉപയോഗിച്ച് ഡിജിറ്റൽ ഫ്ലോറിൽ ഖത്തറിൽ അരങ്ങേറുന്ന ആദ്യ പരിപാടിയായിരിക്കും ഇതെന്ന് ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് ഖത്തർ സമയം രാത്രി 8 മണിക്ക് തനിമ ഖത്തർ ഫെയ്‌സ്ബുക്ക് പേജിൽ ആണ് പരിപാടികൾ സംപ്രേഷണം ചെയ്യുക.
കെ.എസ് ചിത്ര, കെ.ജി മാർക്കോസ്, മാപ്പിളപ്പാട്ടിന്റെ വാനമ്പാടി രഹന, വിധു പ്രതാപ്, വിനോദ് കോവൂർ, കെ.കെ.നിഷാദ്, അനിത ഷെയ്ഖ്, ആദിൽ അത്തു, ശ്രേയ ജയദീപ്, ദാന റാസിഖ്, നദീം അഹമ്മദ്, സുരേഷ് ചെറുകാട്, മീഡിയ വൺ പതിനാലാം രാവ് ഫെയിം ശംഷാദ്, മുർഷിദ് അഹമ്മദ് തുടങ്ങിയ ഗായകരും കലാകാരൻമാരും നാട്ടിൽ നിന്നും ഈദരങ്ങിലെത്തും.
റിയാസ് കരിയാട്, മൈഥിലി ഷേണായ്, അക്ബർ ചാവക്കാട്, സനൂപ് ഹൃദയാനന്ദ്, ഡോ.സൽമാൻ നിലമ്പൂർ, സഫീർ ശംസുദ്ധീൻ തുടങ്ങി ഖത്തറിലെ പ്രഗത്ഭ ഗായകരും അണിനിരക്കും.വട്ടപാട്ട്, ഖവാലി, മലർവാടി ബാലസംഘം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവയും ഈദരങ്ങിന് മാറ്റുകൂട്ടും. സിംഫണി ദോഹയും റഹീപ് മീഡിയയും സംയുക്തമായാണ് എസ്.ഡി ലൈവ് ഫ്‌ളോർ ഒരുക്കിയിരിക്കുന്നത്. ഖത്തറിൽ നിന്നുള്ള മുഴുവൻ പരിപാടികളുടെയും ഷൂട്ടിംഗ് പൂർത്തിയായതായും കാഴ്ചക്കാർക്ക് ഇതൊരു പുതിയ ദൃശ്യവിരുന്നായിരിക്കുമെന്നും തനിമ ഖത്തർ സംഘാടകർ അറിയിച്ചു.