ചെന്നൈ: പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെയാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
വിവേകിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഇന്നലെ വൈകീട്ട് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു. ഇടത് ആർട്ടെറിയിൽ രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്നായിരുന്നു സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെൻട്രിക്കുലർ ഫിബ്രിലേഷൻ കൂടി സംഭവിച്ചതോടെ ആരോഗ്യ നില മോശമാവുകയായിരുന്നു.
വിവേകും സുഹൃത്തുക്കളും ചേർന്ന് വ്യാഴാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെത്തി കൊവിഡ് വാക്സീൻ സ്വീകരിച്ചിരുന്നു. എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും നടൻ ആഹ്വാനം ചെയ്തിരുന്നു. അതേസമയം വിവേകിന് ഹൃദയാഘാതമുണ്ടായതും കൊവിഡ് വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം മൂന്ന് തവണ വിവേകിന് ലഭിച്ചു.