തായ്‌വാനിൽ 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്
Taiwan hit by strongest Earthquake in 25 years; 7 dead and 730 injured, Tsunami warnings issued in Japan | Taiwan Earthquake
Taiwan hit by strongest Earthquake in 25 years; 7 dead and 730 injured, Tsunami warnings issued in Japan | Taiwan Earthquake
Taiwan Earthquake: ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് തായ്‌വാന്‍. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും ശക്തമായ ഭൂകമ്പമാണ് ബുധനാഴ്ച തായ്‌വാനിൽ ഉണ്ടായത്.
റിക്ടർ സ്‌കെയിലിൽ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം തായ്‌വാന്‍റെ കിഴക്കൻ തീരത്ത് ആണ് ഉണ്ടായത്. ഭൂകമ്പത്തിന്‍റെ തീവ്രത സ്ഥിരീകരിച്ച യുഎസ് ജിയോളജിക്കൽ സർവേ (US Geological Survey – USGS) ഹുവാലിയൻ കൗണ്ടി ഹാളിൽ നിന്ന് ഏകദേശം 25.0 കിലോമീറ്റർ തെക്ക്-തെക്ക് കിഴക്കായി പസഫിക് സമുദ്രത്തിലാണ് പ്രഭവകേന്ദ്രം എന്നും അറിയിച്ചു. തായ്‌വാനിലെ സെൻട്രൽ ന്യൂസ് ഏജൻസിയുടെ സീസ്‌മോളജി സെന്‍റർ പ്രകാരം സമുദ്ര നിരപ്പില്‍ നിന്നും 15.5 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ സ്ഥാനം.
ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തായ്‌വാനില്‍ ഉണ്ടായ അതി ശക്തമായ ഭൂകമ്പത്തില്‍ 7 പേര്‍ മരിയ്ക്കുകയും 730 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കനത്ത നാശ നഷ്ടമാണ് സംഭവിച്ചിരിയ്ക്കുന്നത്.
ജപ്പാനിലുടനീളം സുനാമി മുന്നറിയിപ്പ്
തായ്‌വാൻ തീരത്തുണ്ടായ അതി ശക്തമായ ഭൂകമ്പത്തിന്‍റെ പശ്ചാത്തലത്തിൽ ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്റർ (10 അടി) വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ ഏജൻസി നല്‍കിക്കഴിഞ്ഞു. സുനാമി മുന്നറിയിപ്പ് ജപ്പാനില്‍ ആശങ്ക വർദ്ധിപ്പിച്ചിരിയ്ക്കുകയാണ്. ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഉയർന്ന സ്ഥലങ്ങളിലേക്കോ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ ഉടൻ മാറാൻ അധികൃതര്‍ അഭ്യർത്ഥിച്ചിരിയ്ക്കുകയാണ്.
1999-ലെ വിനാശകരമായ ഭൂകമ്പത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്നാണ് റിപ്പോര്‍ട്ട്. 1999 സെപ്റ്റംബറിൽ തായ്‌വാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി, ദ്വീപിന്‍റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തത്തിൽ ഏകദേശം 2,400 പേർക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ബുധനാഴ്ച ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് തായ്‌വാനും ജപ്പാനും അതീവ ജാഗ്രതയിലാണ്, തുടർചലനങ്ങൾക്കും സുനാമിയ്ക്കും സാധ്യതയുള്ളതിനാല്‍ ജീവൻ സംരക്ഷിക്കുന്നതിലും പ്രകൃതിദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിലുമാണ് അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
<https://zeenews.india.com/malayalam/world/taiwan-hit-by-strongest-earthquake-in-25-years-7-dead-and-730-injured-tsunami-warnings-issued-in-japan-191674