62ാം വയസ്സിൽ കുഞ്ഞമ്മ മാത്യൂസ് നീന്തിക്കടന്നു വേമ്പനാട്ട് കായലും; ഭിന്നശേഷിക്കാരിക്കിത് ലോകറെക്കോർഡ്
Swimming Record vembanad Lake
ആലപ്പുഴ: വൈക്കത്ത് വേമ്പനാട്ടുകായൽ നീന്തി കടന്ന് റെക്കാർഡിലിടം നേടി ഭിന്നശേഷിക്കാരിയായ 62കാരി. തൃശ്ശൂർ ജവഹർ നഗർ പുത്തൻപുരയിൽ പി.വി.ആൻ്റണിയുടെ ഭാര്യയും എൽഐസി റിട്ട.ഉദ്യോഗസ്ഥയുമായ ഡോ.കുഞ്ഞമ്മ മാത്യൂസാണ് വേമ്പനാട്ടുകായലിലൂടെ ഏഴു കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം പിടിച്ചത്. മനശാസ്ത്രത്തിൽ ഡോക്ട്രേറ്റുള്ള കുഞ്ഞമ്മ മാത്യൂസിന് കായൽ നീന്തി കീഴടക്കണമെന്ന ഏറെക്കാലത്തെ മോഹമാണ് സഫലമായത്. ഇനി ഒരു അവസരം ലഭിച്ചാൽ കടലിൽ നീന്തണമെന്നാണ് തൻ്റെ അഭിലാഷമെന്ന് കുഞ്ഞമ്മ മാത്യു പറയുന്നു.
വേമ്പനാട്ടുകായലിൽ സ്കൂൾ വിദ്യാർഥികൾ കൈകാലുകൾ ബന്ധിച്ച് നീന്തി റെക്കാർഡിട്ടത് അറിഞ്ഞാണ് നീന്തലിൽ തൽപരയായ കുഞ്ഞമ്മമാത്യു ഡോൾഫിൻ അക്വാട്ടിക് ക്ലബിലെത്തി പരിശീലനമാരംഭിച്ചത്. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ കഴിഞ്ഞ മൂന്നരമാസമായി ദിവസേന മൂന്നുമണിക്കൂർ ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിലാണ് കുഞ്ഞമ്മ മാത്യൂസ് നീന്തൽ പരീശീലിച്ചത്. വേമ്പനാട്ട് കായലിൽ ആലപ്പുഴ പള്ളിപ്പുറം വടക്കുംകര അമ്പലക്കടവിൽ നിന്ന് ഇന്ന് രാവിലെ 8.30 ന് പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്.സുധീഷ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. ഒരു മണിക്കൂർ 40 മിനിട്ടു കൊണ്ടാണ് ഏഴു കിലോമീറ്റർ ദൂരം താണ്ടി കുഞ്ഞമ്മ മാത്യു വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറി.
ഇതോടെ വേമ്പനാട്ടുകായൽ നീന്തി കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിതയായി കുഞ്ഞമ്മമാത്യു മാറി. നിഷ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കുഞ്ഞമ്മ മാത്യുവിനെ വരവേറ്റു. കായലോര ബീച്ചിൽ നടന്ന അനുമോദനയോഗത്തിൽ നിഷ ജോസ് കെ. മാണി നീന്തൽ പരിശീലകൻ ബിജു തങ്കപ്പനെ ഉപഹാരം നൽകി ആദരിച്ചു. വൈക്കം താലൂക്ക് ആശുപത്രി ആർ എം ഒഎസ്.കെ.ഷീബ, എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, വൈക്കം ബാർ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ. സ്മിത സോമൻ, സി.എൻ. പ്രദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Source link