
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂർ, വരവൂർ സ്വദേശി ശ്രീ വിശ്വനാഥ് വരവൂർ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം അതിജീവനം ശ്രദ്ധേയമാവുന്നു. വേറിട്ട പ്രമേയവും, തികച്ചും വ്യത്യസ്തമായ അവതരണവും കൊണ്ട് ഇതിനോടകംതന്നെ ഈ കുഞ്ഞു ചിത്രം കുട്ടികളെയും, മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചുകൊണ്ട്, അവരിലേക്ക് മികച്ച സന്ദേശം പകർന്നു നൽകുന്നു.
കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ കാടിന്റെ പശ്ചാത്തലത്തിൽ ഈ കുഞ്ഞൻ കളിപ്പാട്ടങ്ങളാണ് കാടിനും വന്യമൃഗങ്ങൾക്കും വേണ്ടി സംസാരിക്കുന്നത്. കാടുകളെല്ലാം നശിപ്പിച്ചാൽ കാടിന്റെ മക്കളായ ഈ വന്യമൃഗങ്ങളും ലക്ഷോപലക്ഷം ജീവജാലങ്ങളും എന്തു ചെയ്യും എന്ന ആശങ്കയാണ് ഇതിലൂടെ പങ്കുവയ്ക്കുന്നത്. ഒപ്പം കാടുകൾ ഇല്ലെങ്കിൽ നാടുകളും നാശോന്മുഖമാവും എന്നൊരു താക്കീതും ഈ ഹ്രസ്വ ചിത്രം പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്.
ശ്രീ ഭാഗ്യനാഥ് എം എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന് കുട്ടൻ ആറങ്ങോട് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. നന്ദാദാസിന്റെ വരികളിലൂടെ തീർത്ഥ വിശ്വനാഥ് ആലപിച്ച മനോഹരമായ ഒരു കവിതയും ഇതിലുണ്ട്. ജയകൃഷ്ണൻ പെരിങ്ങോട്, രതീഷ് വരവൂർ, ജയശ്രീ ഷാ, ഷീജ വിജീഷ്, ഉണ്ണികൃഷ്ണൻ കെ കെ, സുധീപ് കടുകശ്ശേരി, പ്രദീപ് ആറങ്ങോട്ടുകര എന്നിവരാണ് ശബ്ദം നൽകിയത്.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്