‘കർഷക സഹോദരങ്ങൾക്കൊപ്പം’; പഞ്ചാബ് ജയിൽ ഡിഐജി രാജിവെച്ചു
'Support for farmers'; Punjab Jail DIG resigns
ഛണ്ഡീഗഢ്: രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി ലഖ്മീന്ദര്‍ സിങ് ജഖാര്‍ രാജിവച്ചു. താൻ പഞ്ചാബ് സർക്കാരിന് ശനിയാഴ്ച രാജിക്കത്ത് നൽകിയതായി ലഖ്മീന്ദര്‍ സിങ് വ്യക്തമാക്കി. ഇംഗ്ലീഷ് വാർത്താ മാധ്യമമായ ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘കാർഷിക നിയമങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന എന്റെ കർഷക സഹോദരന്മാർക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു,’ എന്നാണ് ലഖ്മീന്ദര്‍ സിങ് കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്.
നേരത്തെ കര്‍ഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പത്മ വിഭൂഷൺ തിരിച്ച് നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ശിരോമണി അകാലിദള്‍ (ഡെമോക്രാറ്റിക്) നേതാവ് സുഖ്‌ദേവ് സിങ്, പ്രശസ്ത പഞ്ചാബി കവി സുര്‍ജിത് പട്ടാര്‍ തുടങ്ങിയവരും പത്മാ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. സമാന തീരുമാനവുമായി കായിത താരങ്ങളും പരിശീലകരും രംഗത്തെത്തിയിരുന്നു.
അതേസമയം മാർച്ച് നടത്തുന്ന കർഷകരെ തടയാൻ പോലീസിനൊപ്പം സൈന്യവും രംഗത്തിറങ്ങിയതായി റിപ്പോർട്ടുകളുണ്ട്. രാജസ്ഥാൻ- ഹരിയാന അതിർത്തിയായ ഷാജഹാൻപുരിലാണ് കർഷകരെ നേരിടാൻ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. കോൺക്രീറ്റ് ബൂമുകൾ ഉൾപ്പെടെയുള്ളവയാണ് സുരക്ഷാ സേന സജ്ജീകരിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.