ചൊവ്വയില്‍ വീണ്ടും ആ അജ്ഞാത മേഘ പടലം രൂപപ്പെട്ടതിന്റെ അമ്പരപ്പിലും ആവേശത്തിലുമാണ് ശാസ്ത്രലോകം. ചൊവ്വയിലെ അഗ്നിപര്‍വതങ്ങള്‍ക്കുമുകളില്‍ സാധാരണ മേഘരൂപങ്ങള്‍ രൂപപ്പെടാറുണ്ടെങ്കിലും ചൊവ്വയിലെ ആര്‍സിയ മോണ്‍സ് എന്ന ലുപ്ത അഗ്നിപര്‍വതത്തിന് (അഗ്നിവിസ്‌ഫോടനങ്ങള്‍ നിലച്ചത്) മുകളില്‍ രൂപപ്പെട്ട മേഘപടലത്തിന്റെ വിചിത്ര രൂപമാണ് ശാസ്ത്രജ്ഞരെ അമ്പരിപ്പിക്കുന്നത്.
ചൊവ്വയുടെ മധ്യരേഖയില്‍ നിന്ന് അല്‍പം തെക്കായി സ്ഥിതിചെയ്യുന്ന ആര്‍സിയ മോണ്‍സിന് മുകളില്‍ വളരെ നീളത്തിലുള്ള മേഖമാണ് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും പ്രത്യക്ഷമായിരിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ ഈ പ്രതിഭാസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. മേഘത്തിന്റെ രൂപീകരണ രീതികളും അതിന്റെ ചരിത്രവും പഠിക്കുകയാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം.
ആര്‍സിയ മോണ്‍സിനെ മുകളിലെ നീളമുള്ള മേഘം എന്നര്‍ത്ഥമാക്കുന്ന ആര്‍സിയ മോണ്‍സ് ഇലോങ്‌ഗേറ്റഡ് ക്ലൗഡ് (എഎംഇസി) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ജല മഞ്ഞുകൊണ്ട് രൂപപ്പെട്ട വാലുപോലുള്ള ഈ മേഘത്തിന് ഏകദേശം 1800 കിലോമീറ്റര്‍ വലിപ്പമുണ്ടാകുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പറഞ്ഞു.
ഈ പ്രദേശത്തെ കാറ്റ് ഭൂപ്രകൃതിയുമായി പ്രത്യേക രീതിയില്‍ സംവദിക്കുമ്പോഴാണ് ഇത് രൂപം കൊള്ളുന്നത്. അഗ്നിപര്‍വതത്തില്‍ നിന്നും ഉണ്ടായതല്ല.
ഈ കൗതുകകരമായ പ്രതിഭാസത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഇങ്ങനെ ഒരു മേഘം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് സ്‌പെയിനിലെ ബാസ്‌ക് കണ്‍ട്രി സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയും നടന്നുകൊണ്ടിരിക്കുന്ന പഠനത്തിന്റെ മുഖ്യ രചയിതാവുമായ ജോര്‍ജ് ഹെര്‍ണാണ്ടസ് ബെര്‍നല്‍ പറഞ്ഞു.
എല്ലാ ചൊവ്വാ വര്‍ഷത്തിലും ഈ സീസണില്‍ ഈ മേഘം ദൃശ്യമാവാറുണ്ട്. ഈ മേഘം പെട്ടെന്ന് അപ്രത്യക്ഷമാവുകയില്ല. ഓരോ ദിവസവും രാവിലെ ഇത് ക്രമേണ മങ്ങിയില്ലാതാവും. 80 ദിവസമോ അതില്‍ കൂടുതലോ ഇത് ആവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ഈ മേഘങ്ങള്‍ എല്ലായിപ്പോഴും ഇത്രയും ആകര്‍ഷണീയമാണോ എന്ന് അറിയില്ലെന്നും ഹെര്‍ണാണ്ടസ് പറഞ്ഞു.
ഇത് മങ്ങിപ്പോവുന്നത് കാരണം അതിന്റെ സ്വഭാവമെന്തെന്ന് പഠിക്കാന്‍ പ്രയാസമാണ്, എങ്കിലും മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്ററിലെ വിഷ്വല്‍ മോണിറ്ററിങ് ക്യാമറയിലൂടെ ഗ്രഹത്തിന്റെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ലഭ്യമാണ്.