രഞ്ജു, തേനി പുഴയുടെ മുത്താണ്. പുഴയോരത്ത് കളിച്ചും, കുളിച്ചും ജീവിച്ചും വളർന്ന… പുഴയുടെ സന്തതി. പെറ്റമ്മ കഴിഞ്ഞാൽ പിന്നെ അവന് തേനി പുഴയാണ്. അവിടെ കുളിക്കാൻ വരുന്നവർ,തേനിയിലെ മണലരിച്ചു സ്വർണ്ണം ലഭിക്കുമെന്ന് കരുതി വരുന്ന കുറേ മനുഷ്യർ, തീരങ്ങൾ കൈയ്യടക്കി കൃഷി ചെയ്യുന്ന കുറേ കൃഷിക്കാർ എല്ലാം രഞ്ജുവിന്റെ ചുറ്റുവട്ടത്തിൽ.. കണ്മുന്നിലെ മനുഷ്യരാണ്.
പെറ്റമ്മ മാത്രമേ അവനുള്ളൂ.അവന്റെ ജനനത്തിനു ശേഷം എങ്ങോട്ടോ പോയ അച്ഛൻ. അവൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചെറിയ ഒരു തല്ല് ക്ലാസ്സിൽ ഉണ്ടാവുകയും. മോഹൻ എന്ന ഒരു വിരുതൻ അവനോട് “തന്ത യില്ലാത്തവനെ.. “എന്ന് വിളിച്ച് കളിയാക്കിയതും ഇന്നും പൊള്ളുന്ന ഓർമ്മയാണ്. അന്യരുടെ മനസ്സിൽ ‘വിഷ മുള്ള് ‘തറക്കാൻ മത്സരിക്കുന്ന കുറേ മനുഷ്യരുടെ ബാക്കിപത്രമാണവൻ. രഞ്ജു ഇടനെഞ്ചിലെ വേദന മാറ്റാൻ ആഗ്രഹിച്ചു.
തേച്ചികുന്നിന്റെ മുകളിൽ നിന്ന് നോക്കിയാൽ പ്രഭാതത്തിൽ കടുത്ത മഞ്ഞും , പുകമഞ്ഞും, കോടമഞ്ഞും …. പാടവും പുഴയും മൂടുന്നത് കാണാം. അവിടെ ഒരു പനയോല മേഞ്ഞ വീടാണ് അവന്റെ. അമ്മ മനയ്ക്കലെ വീട്ടു പണിയെടുത്താണ് അവനെ പഠിപ്പിക്കുന്നത്. പഠിക്കാൻ വലിയ മിടുക്കനല്ലെങ്കിലും പഠിക്കുന്ന കുട്ടികളാണ് അവന്റെ കൂട്ട്. മുല്ല പൂമ്പൊടിയുടെ ഗന്ധം ഇടയ്ക്കിടെ അവന്റെ കുഞ്ഞു മനസ്സിലേക്കും വീശി തുടങ്ങിയ ആ നിമിഷം മുതൽ അവനും സ്വന്തം ജീവിതം കെട്ടി പടുക്കാൻ തുടങ്ങി . മനോഹരമായ കരിഞ്ചുവപ്പ് നിറമുള്ള കല്ലുകൾ കൊണ്ട് നിർമ്മിച്ച വീട്.
പതിയെ കൊലുസ്സുകളും, കോലങ്ങളും, മുക്കുത്തിയും മഞ്ഞൾ അണിഞ്ഞ ഒരു മുഖ സൗന്ദര്യവും… അവനും കൗമാരത്തിൽ ദർശിക്കാൻ തുടങ്ങി .വസന്ത കാലത്തെ പനിനീർ പൂക്കൾ എപ്രകാരം ആണോ മധുകണം നെഞ്ചിൽ സൂക്ഷിക്കുന്നത് അത് പോലെ ആ മോഹം അവന്റെ ഹൃദയത്തിലും അവൻ സൂക്ഷിച്ചു. കുന്നിന്റെ താഴെ താമസിക്കുന്ന പാവപ്പെട്ട വൃദ്ധൻ പട്ടരും അയാളുടെ മകളും ആണ് ആ മോഹത്തിന്റെ ഉടമകൾ. നഷ്ടപെട്ട മനസ്സിൽ തിരയുന്ന സ്വർണ്ണം… തേനിക്കാർ മണലരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തേക്കാൾ വലുതാണത്.പ്രേമവും പ്രതീക്ഷയും ഉറഞ്ഞു തുളുമ്പുന്ന തേനി നദീ തടങ്ങൾ.
വിക്ടോറിയ കോളേജിൽ ബി എ ക്ക് പഠിക്കുമ്പോഴാണ് അവളെ ശരിക്ക് കണ്ടത്. അന്നൊരു രാവിൽ വൃദ്ധന് കടുത്ത വയറു വേദന വന്നപ്പോൾ മാത്രമാണ്… അവൾ നിറഞ്ഞ കണ്ണുകളുമായി അവന്റെ വീട് ലക്ഷ്യം വെച്ച് ഓടിയത്.
കുന്നിൻ ചെരുവിലെ ആശുപത്രിയിൽ സമയത്തിന് എത്തിക്കാനും ചികിത്സ നൽകാനും കഴിഞ്ഞു. അവരെ തിരിച്ചു വീട്ടിലേക്കു കൊണ്ട് വന്നപ്പോൾ മാത്രമാണ് ലിയയെ അവൻ അടുത്ത റിയുന്നത് . പതിനാറു വയസ്സ് മാത്രം പ്രായം വരുന്ന കൊലുന്നനേ വെളുത്തു നീണ്ട പെൺകുട്ടി. സഹായത്തിനു യാചിക്കുന്ന അവളുടെ വലിയ നേത്രങ്ങൾ കടുത്ത വേനലിൽ തേനി പുഴയിൽ രൂപപ്പെടുന്ന ചെറിയ ജലാശങ്ങളിലെ നീരുറവ പോലെ കാണപ്പെട്ടു.
അമ്മയില്ലാത്ത പെൺകുട്ടി ആണ് അവൾ. തിരിച്ചു വീട്ടിലേക്ക് വരുവാൻ നേരത്ത് ദീർഘ നിശ്വാസത്തോടെ വൃദ്ധൻ അവന്റെ കൈ കവർന്നു.
“മോനെ എന്റെ മകളുടെ വിവാഹം ആണ്. കൽപ്പാത്തി കോവിലിനു സമീപത്താണ് അവളുടെ ഭാവി വീട്.
അവളുടെ അഭാവത്തിൽ ഞാൻ ഏകാന്തതതയിൽ ഉപേക്ഷിക്കപെടുമ്പോഴും നീ എന്നെ കാണാൻ വരില്ലേ? “ദുഃഖത്താൽ അദ്ദേഹം ഇങ്ങനെ പറയുമ്പോൾ രഞ്ജുവിന്റെ കൈയ്യിൽ ചുടു നീര് ഇറ്റി വീഴുന്നത് രഞ്ജു അറിഞ്ഞു.” നമുക്ക് പിന്നെ കാണാം “, ആ വൃദ്ധൻ പറഞ്ഞു. വാതിലിനപ്പുറത്തെ തേങ്ങലുകൾ അവളുടെ വിവാഹത്തോടുള്ള നീരസം വ്യക്തമായിരുന്നു. പിതാവിനെ പിരിഞ്ഞുള്ള ജീവിതം അവൾക്ക് ഊഹിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
കുന്ന് കയറി തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ അവന്റെ ഹൃദയം ഉത്തരവാദിത്തം കൊണ്ട് നിറഞ്ഞു
കവിഞ്ഞിരുന്നു. വീട്ടിലെത്തിയപ്പോൾ നിറഞ്ഞ കണ്ണുകളുമായി അമ്മ നിൽക്കുന്നു. ഒരേ സമയം സന്തോഷവും വേർപാടിന്റെ കണ്ണ് നീരും പേറിയാണ് നിൽപ്പ്.
തനിക്കു സൈന്യത്തിൽ.. കരസേന യിൽ ജോലി ലഭിച്ച കടലാസ്സ് കയ്യിൽ പിടിച്ചാണ് അമ്മ നിൽക്കുന്നത്.
“മനക്കിൽ കാണിച്ചപ്പോൾ അവർ പറഞ്ഞതാണ്… നിന്റെ ജോലിയുടെ കാര്യം. തീർത്തും ഉത്തരവാദിത്തപെട്ട ഒരു ജോലി ആണ് മകനേ… നിനക്ക് വിധിച്ചിരിക്കുന്നത്. “പറയുമ്പോൾ ആ അമ്മ വേർപാടിനെക്കാൾ ആത്മാ ഭിമാനത്തോടെ കണ്ണ് നീർ വീഴ്ത്തി. തേനിയിലെ വെള്ളത്തിന്റെ ഒഴുക്ക് തെല്ലു കുറഞ്ഞത് പോലെ അവന് തോന്നി. ചുട്ടു പൊള്ളുന്ന വേനലിന്റെ തുടക്കം. ശരീരവും മനസ്സും ഒരേ പോലെ സ്പർശിക്കുന്ന ചൂട് ആ യുവാവിന് അനുഭവപ്പെട്ടു.
ഭാഗ്യവശാൽ ലിയയുടെ വിവാഹത്തിന് ശേഷം ചേർന്നാൽ മതി. അവളുടെ വിവാഹം കേമമായി നടത്തണം. നിരാലംബരായ ആ കുടുംബത്തിന്റെ സകല ചുമതലയും രഞ്ജു ഏറ്റെടുത്തു.
ലിയയുടെ വിവാഹം പിതാവിന്റെ
വീട്ടിൽ വെച്ച് നടത്തണം. അതിന് അവർക്ക് അഗ്രഹാരത്തിൽ തന്നെ തിരിച്ചു പോകണം.അമ്മയുടെ മരണ ശേഷം അവിടെ നിന്ന് മാറി തേനിയിൽ വന്ന് കൂടിയതാണ് അവർ. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്തു കൊടുത്തത് രഞ്ജു ആണ്.
കട്ടി കൂടിയ മഴമേഘക്കീറുകൾ തേനിയുടെ തെക്കേ അതിർത്തിയിൽ അടിഞ്ഞു കൂടി. രാത്രിയിൽ മതി മറന്നു പെയ്തു. പിറ്റേന്ന് അവർ കൽപ്പാത്തിയിലേക്ക് പുറപ്പെട്ടു.
അഗ്രഹാരത്തിലെ വീടുകൾ ഒക്കെ പുറത്തേക്ക് ചെറുതാണെങ്കിലും അകത്തേക്ക് നല്ല വിസ്തൃതി ഉള്ള വീടുകൾ ആണ്. മുന്നൂറു വർഷം പഴക്കമുള്ള വീടുകൾ.വീടുകളുടെ ഉൾപ്രദേശങ്ങൾ പഴയ മരം ഉപയോഗിച്ചു സജ്ജീകരിച്ചതാണ്. തെരുവിന്റെ അറ്റത്ത് വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. തെരുവീഥികളിൽ മുറ്റത്ത് മനോഹരമായ അരിപ്പൊടി കോലങ്ങൾ വരച്ചിട്ടുണ്ട്. മന്ദാരം, തെച്ചി, അരളി ഇവയെല്ലാം വെച്ച് പിടിപ്പിച്ചിട്ടുണ്ട്.
പയ്യന്റെ വീട് ബാംഗ്ലൂർ ആണ്. അവരും അവിടേക്ക് വന്നിട്ട് വേണം. പെട്ടെന്ന് തന്നെ തിരിച്ചു പോകുകയും വേണം. ലിയയെ പോകുമ്പോൾ കൊണ്ട് പോകും.
ഗഹനമായി അന്വേഷിച്ചപ്പോഴാണ് അറിയുന്നത്.. ലിയയുടെ അച്ഛന്റെ കളിക്കൂട്ടുകാരന്റെ മകൻ ആണ് ഹരീഷ്. ലിയയും, ഹരീഷും ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് എന്നുള്ള കാര്യങ്ങൾ ഒക്കെ. അഗ്രഹാരത്തുള്ള പഴയ തലമുറകാർക്കേ അവരെ ശരിക്കും പരിചയമുള്ളൂ.
വിവാഹം മംഗളമായി നടന്നു.
എല്ലാവരും സന്തോഷത്തിൽ ആണ്.
ലിയയും… അവളുടെ കൂട്ടുകാരുടെ കൂടെ നിൽക്കുമ്പോൾ അവളും സന്തോഷിക്കുന്നു… എന്നതിൽ കവിഞ്ഞു രഞ്ജുവിനു ഒന്നും കാഴ്ച്ചയിൽ തോന്നിയില്ല.
അവന് അവളെ ജീവനായിരുന്നു ഉള്ളിലെ സ്നേഹം കൊണ്ട് അല്ലേ അവൻ ഇത്രയും അവൾക്ക് വേണ്ടി ചെയ്തത്.തനിക്കും പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യേണ്ടേ… അവൻ ഓർത്തു സമാധാനിച്ചു. ലിയയുടെ പിതാവ് അവനെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു.
“തല്ക്കാലം ഞാൻ ഇവിടെ തങ്ങിയിട്ട് പിന്നീട് കാണാം മകനേ…. “എന്ന് പറഞ്ഞ് യാത്രയാക്കി.
അവന്റെ മനസ്സ് പക്ഷി ഉപേക്ഷിച്ച കൂട് പോലെ ഒഴിഞ്ഞു. പെട്ടെന്ന് ആരെല്ലാമോ നഷ്ടപെട്ടത് പോലെ… അവളെയും ആ വൃദ്ധനെയും അവിടെ വിട്ടിട്ട് പോകരുത് എന്ന് മനസ്സ് ഇടയ്ക്കിടെ ഓർമ്മപെടുത്തി. അന്ന് തേനിയിൽ തിരിച്ചെത്തിയപ്പോൾ അർദ്ധ രാത്രി ആയിരുന്നു.അമ്മയോട് പറഞ്ഞു പുറത്തെ തിണ്ണയിലാണ് കിടന്നത്. വേനൽക്കാലമല്ലേ…. മനോഹരമായ വൃക്ഷങ്ങളും, അർദ്ധ ചന്ദ്രന്റെ നിലാവും, കനത്ത നിശ്ശബ്ദതയും, തേനി പുഴയും…
ആ കഠിനവ്യഥയിൽ പങ്ക് ചേർന്നു. പുഴയിലെ തണുത്ത കാറ്റാണ് വേദനിക്കുമ്പോഴോക്കെ എപ്പോഴും ആശ്വാസം പകർന്നിരുന്നത്. “ഒരു പട്ടാളക്കാരന്റെ മനസ്സ് ഒരു തരത്തിലും തളരരുത്.”
തേനി പുഴയുടെ ഹൃത്തടത്തിൽ നിന്ന് വരുന്ന ഏതോ അജ്ഞാത ശബ്ദം കാതിൽ വന്ന് പതിച്ചു.
ലിയയുടെ വിവാഹത്തിന്റെ മൂന്നാം നാൾ അവന് അവന്റെ ജോലി സ്ഥലത്തേക്ക് പോകേണ്ടതാണ്. അടുത്ത തവണ തീർച്ചയായും അമ്മയെ കൊണ്ട് പോകണം. എങ്കിലും ഈ കുളിർ കാറ്റ്, വെള്ളം, വായു ഒക്കെ വിട്ട് എന്നേ ക്കുമായി ഒരിക്കലും ഇവിടം വിട്ട് പോകില്ല… ആത്മാവ് ഇവിടെ തന്നെ ചുറ്റിക്കറങ്ങി കൊണ്ടിരിക്കും.
ഗുൽമാർഗ് ലേക്കുള്ള വഴികളിലൂടെ അവന്റെ മനസ്സ് സ്വതന്ത്രവിഹാരം നടത്തുന്നതായി അവന് അനുഭവപ്പെട്ടു. മഞ്ഞു മൂടിയ കാശ്മീർ താഴ്‌വരകളിലൂടെയും…. പതിയെ കണ്ണുകളിൽ ഉറക്കം വന്ന് മൂടി.
രഞ്ജുവിന് ജോലി സ്ഥലത്തേക്ക് പോകാനുള്ള ദിവസം ആഗതമായി. തേനി പുഴയിൽ മതിയാവോളം നീന്തി കുളിച്ചു. അമ്മയുടെ കാൽ തൊട്ട് വണങ്ങി. നിർജീവമായ ആ മിഴികളിൽ നിന്നും കണ്ണുനീർ ധാര ധാര യായി ഒഴുകി. അമ്മയോടും തേനി നദിയോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ പൊടിഞ്ഞ കണ്ണുനീർ കവിളിലൂടെ ഒഴുകുമ്പോൾ ജീവിതത്തിലെ കയ്പ്പും.. മാധുര്യവും ഒരുമിച്ച് രുചിക്കുന്ന അവസ്ഥ ആണ് രഞ്ജുവിന് അനുഭവപ്പെട്ടത്. ഇനി എന്ന് തിരിച്ചു വരാൻ കഴിയും എന്ന് ഒരു നിശ്ചയവുമില്ല.
ഒലവക്കോട് ജംഗ്ഷൻ വരെ കൂട്ടുകാരുണ്ടായിരുന്നു. തല്ക്കാലം അമ്മയെ അവരെ ഏല്പിച്ചാണ് വണ്ടി കയറിയത്.
പുതിയ ദേശം, സംസ്കാരം…… കൂടാതെ കഠിനമായ മഞ്ഞു വീഴുന്ന സ്ഥലം. ഒരു വിധത്തിലുള്ള ഉള്ള മഞ്ഞും തണുപ്പും ഒക്കെ ഹൈറേഞ്ച് മേഖലയിൽ ജീവിച്ചത് കൊണ്ട് അനുഭവമായിട്ടുണ്ട്.
പശ്ചിമ ഹിമാലയത്തിൽ ഡെയ്സിയും, ബ്ലൂ ബെല്ലും വിരിഞ്ഞ നിശ്ശബ്ദ താഴ്‌വരകളും… വിശാലമായ പച്ച പുൽത്തകിടിയും മഞ്ഞു പുതച്ച വെളുത്ത മലനിരകളും അവനെ സ്നേഹത്തോടെ വരവേറ്റു.
അവിടെ ട്രെയിനിംഗ് ന് ചേർന്നു. അവന്റെ ബേസ് ക്യാമ്പിൽ പത്തോ മറ്റോ മലയാളി കുട്ടികൾ ഉണ്ട്. എല്ലാവരുമായി വേഗത്തിൽ ഇണങ്ങാൻ രഞ്ജുവിന് സാധിച്ചു.
ഇടയ്ക്കിടെ അമ്മയുടെ ഫോൺ അവന് വന്നു കൊണ്ടിരുന്നു. രാജ്യ സ്നേഹം പതിയെ അവനിൽ ആവേശം കൊണ്ടതായി ആ അമ്മ അറിഞ്ഞു.
അക്കാലത്താണ് ലിയയുടെ ജീവിതം ദുരിത പൂർണ്ണമായ കഥ ലിയയുടെ പിതാവ്, രഞ്ജുവിന്റെ അമ്മയോട് പറയുന്നത്.
നാട്ടിൻ പുറത്ത് നിന്ന് പോയ ഒരു കുട്ടിയാണ് ലിയ. കല്യാണത്തിന് കണ്ട സ്നേഹത്തിന്റെ ഒരു അംശം പോലും യഥാർത്ഥത്തിൽ അയാളുടെ പക്കൽ നിന്ന് അവൾക്ക് ലഭിച്ചില്ല.ചാരിറ്റി പ്രവർത്തനം മറയാക്കി നടത്തുന്ന ഒരു കമ്പനിയിലാണ് അയാൾക്ക് ജോലി. സുഖഭോഗങ്ങൾ നിഷ് പ്രയാസം അയാൾക്ക് ലഭിക്കുമ്പോൾ അയാൾ അസംതൃപ്തനും,അത്യാഗ്രഹിയുമായി.
വീട്ടിൽ അവൾ ഏകാന്ത തടവു കാരിയായി മാറി…
ദിവസങ്ങൾ അങ്ങനെ കടന്ന് പോകവേ ഒരു ദിവസം അമ്മ ആ കാര്യം പറഞ്ഞു. തന്റെ മനസ്സിലെ പ്രാണപ്രിയയുടെ ദുരിതം നിറഞ്ഞ ജീവിത സത്യങ്ങൾ. ഭർത്താവ് ഒരു ദിവസം പരപുരുഷന്മാരുടെ കൂടെ വീട്ടിലേക്ക് വരുകയും മദ്യം കഴിച്ച് ആക്രമിക്കാൻ തുടങ്ങവേ അവൾ അപ്പോൾ തന്നെ അവിടെ നിന്നും ഓടി രക്ഷപെട്ടു. രാത്രിയിൽ തന്നെ നാട്ടിലേക്ക് വണ്ടി കയറി. ഒലവക്കോട് വന്ന് അച്ഛനെ വിളിച്ചു തേനിയിലേക്ക് പോന്നു. എന്നേക്കു മായി ബാംഗ്ലൂർ നഗരത്തോട് യാത്ര പറഞ്ഞു. ഇഷ്ടമില്ലാത്ത ആളുകളു മായുള്ള സഹവാസം ഊഹിക്കാൻ കൂടി അവൾക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ അവൾ മൂന്ന് മാസം ഗർഭിണി ആയിരുന്നു.പിറക്കാൻ പോകുന്ന ആ കുഞ്ഞിന് വേണ്ടി അവൾ ജീവിക്കാൻ തീരുമാനിച്ചു. അവളെ അന്വേഷിച്ചു അവളുടെ ഭർത്താവോ, വീട്ടുകാരോ വന്നതേ…… ഇല്ല .
ലിയയുടെ തിരിച്ചു വരവ് ചിലർ ക്കൊക്കെ വലിയ പുച്ഛത്തിന് വഴി ഒരുക്കി. ഭർത്താവിന്റെ വീട്ടിൽ നിന്നും വന്ന അവളെ കുറിച്ച് ദുഷ്ടതയോടെ ചിന്തിച്ചവർ… ആരോഗ്യമുള്ള മനസ്സിനുടമകളെ നിഷേധികളായി കാണുന്ന ദുർബല മനസ്കരാണ്.. വഴിപോക്കർ ചവിട്ടുമെന്നു കരുതി ഭയക്കുന്ന പുഴുക്കൾ.. രഞ്ജു ഓർത്തു.അവളോട് ധൈര്യം കൈവിടാ തിരിക്കാൻ അവളുടെ പിതാവ് ഉപദേശിച്ചു. തനിക്ക് ഇത്രയും നല്ല പിതാവിനെ ലഭിച്ചതിൽ അവൾ അഭിമാനിച്ചു. മിക്കദിവസവും അവളുടെ അടുത്ത് രഞ്ജുവിന്റെ അമ്മ യുണ്ടാവും.
ഒരു ദിവസം പെട്ടെന്ന് ലിയയുടെ പിതാവ് മരിച്ച സംഭവമാണ് രഞ്ജു കേൾക്കുന്നത്. മരിക്കുമ്പോൾ ലിയയെ രഞ്ജുവിന്റെ അമ്മയെ ഏല്പിച്ചിട്ടാണ് ഹതഭാഗ്യനായ ആ പിതാവ് കണ്ണടച്ചത്.എല്ലാം കേട്ട് ദൂരെ ഭൂതകാലത്തിന്റെ ഘോഷയാത്രയിൽ പെട്ട് ഉഴലുകയായിരുന്നു രഞ്ജുവിന്റെ മനസ്സ്. ഒരിക്കൽ അദ്ദേഹം തന്നെ ഏൽപ്പിച്ച ആ ദൗത്യം ഇന്ന് അമ്മയെ ഏൽപ്പിച്ചു എന്ന് മാത്രം. മരണം വരുമ്പോൾ ആർക്കും പോകാതിരിക്കാൻ കഴിയില്ല. രഞ്ജു ഓർത്തു.
മനോഹരമായ വസന്തത്തിന്റെ നാളുകൾക്ക് മുന്നോടിയായി ലിയക്ക്
ഒരാൺ കുഞ്ഞ് പിറന്നു. കാശ്മീരിൽ നിറയെ ഡെയ്സി പൂക്കൾ വിരിഞ്ഞു..
ഇനി നാട്ടിലേക്ക് പോകാൻ ഏതാനും ദിവസങ്ങൾ മാത്രം. നാട്ടിലേക്ക് പോകുമ്പോൾ ഇത്തവണ കുറേ സാധനങ്ങൾ വാങ്ങണം. ഇനിയും ഒരാഴ്ച്ച ഉണ്ട്. ഇത്തവണ കുറേ പേർക്ക് വാങ്ങാനുണ്ട്… ഉത്തരവാദിത്തം കൊണ്ട് രഞ്ജുവിനു മനസ്സ് നിറഞ്ഞു.
ആദ്യം തുണിക്കടയിൽ പോയി.. ലിയക്ക് നല്ലൊരു കാശ്മീരി പട്ടു സാരി വാങ്ങി. വയലറ്റും കരിഞ്ചുവപ്പും കലർന്ന നല്ല പട്ടു സാരി. അമ്മക്കും ചെറിയ കുട്ടിക്കും വസ്ത്രങ്ങൾ വാങ്ങി. കുറച്ച് കംബിളി പുതപ്പും സ്വെറ്ററും വാങ്ങി. അന്ന് രാത്രിയിൽ കിടക്കു മ്പോൾ ചെറിയ പനി പോലെ തോന്നി. നേരത്തെ കിടന്ന് ഉറങ്ങി.
പിറ്റേന്ന് നല്ല ഉഷാറോടെ എഴുന്നേറ്റു.
സഹപ്രവർത്തകരുടെ കൂടെ തടാക കരയിൽ ചെന്നിരുന്നു. അപ്പോഴാണ് കൂട്ടത്തിൽ ഉള്ള ആരോ ഒരു കൊക്കി നെ വെടിവെച്ചു വീഴ്ത്തിയത്. അതിനെ എടുത്ത് കൊണ്ട് വരാൻ വേണ്ടി നീന്തി അക്കരെ എത്തണം.എല്ലാവരും തടാകത്തിലേക്ക് എടുത്ത് ചാടി ആരാണ് ആദ്യം എടുക്കുക? രഞ്ജുവിന് അതൊക്കെ പൊതുവെ വെല്ലുവിളി ആണ്. അവൻ എല്ലാവരെയും വെട്ടിച്ചു നീന്തി അക്കരെ എത്തി കൊക്കിനെ പിടിച്ചു. എല്ലാവരും കൈയ്യടിച്ചു.. തിരിച്ചു നീന്തി. എന്നാൽ തിരിഞ്ഞ് നോക്കിയപ്പോൾ രഞ്ജുവിനെ കാണാനില്ല. ഉടനെ എല്ലാവരും തിരിച്ചു നീന്തി. മുങ്ങി താഴുന്ന രഞ്ജുവിന് വേഗം പ്രഥമ ശുശ്രൂഷ നൽകി…ഉള്ളിലെ പനി വിട്ട് മാറിയിരുന്നില്ല. തിരിച്ചു നീന്തുമ്പോൾ കൈ കുഴഞ്ഞു പോയി അതാണ് താഴാൻ കാരണം . തടാകത്തിന്റെ അടിയിൽ കട്ടി കൂടിയ മഞ്ഞാണ്. വേനൽക്കാലമാണ്
എങ്കിലും മഞ്ഞിന്റെ കാഠിന്യം വിട്ട് മാറാത്ത സ്ഥലം അല്ലേ? രണ്ട് ദിവസ ത്തെ വിശ്രമം കഴിഞ്ഞ് ആശുപത്രി വിട്ടു. നാട്ടിലേക്ക് പോകാനുള്ള സമയമായി.
ദുരിതം കഴിഞ്ഞ് സന്തോഷം വരു മ്പോൾ.. ഒരു ഉള്ളുരുക്കം ഉണ്ടായി…
രഞ്ജു അതിനെ അത്രയേ വില കൊടുത്തുള്ളൂ… നാട്ടിലെത്തിയപ്പോൾ
അമ്മ മുറ്റത്ത് കാത്ത് നിൽക്കു ന്നുണ്ടായിരുന്നു. എവിടെ വെച്ചാണോ യാത്രയാക്കിയത് അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.ഒരു ഓർമ്മ പെടുത്തൽ… “നീ വരുവോളം ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു കുഞ്ഞേ….. നിന്റെ പെണ്ണിന് തണലായിട്ട് “.അമ്മ അങ്ങനെ പറഞ്ഞില്ല എന്നേയുള്ളു. മനസ്സ് വായി ക്കാൻ അവന് പ്രയാസമുണ്ടായില്ല.
വീടിന്റെ അകത്ത് നിന്ന് രണ്ട് പേർ ഇറങ്ങി വന്നു. രഞ്ജു അറിയാതെ… ലിയ യെ അവനോട് ചേർത്തു നിർത്തി… അവളുടെ കൈയ്യിലെ കുഞ്ഞു ദേഹത്തേയും•