
സമ്മാനങ്ങൾ എന്നും സന്തോഷമാണ്… എന്നും ആ കുഞ്ഞു കയ്യിൽ എന്തെങ്കിലും അറിയാതെ പറയാതെ വച്ചു കൊടുക്കുമ്പോൾ മുറുക്കി കെട്ടിപ്പിടിച്ച് കവിളിൽ തന്നിരുന്ന മുത്തം മായാതെ നെഞ്ചിലേക്ക് ചേർത്തു. യൂണിവേഴ്സിറ്റിയിൽ നിന്നെത്തി പാലട ഉണ്ടാക്കുന്നതിനിടെയാണ് വി നായകൻ വന്നു വിളിച്ചത്. വാതിൽ തുറക്കുന്നേന് മുൻപേ തുടങ്ങി “ആന്റി… ശ്രീദേവനവിടെ ഇരിക്കുന്നാന്റി ഒന്ന് വന്നു പറയാമോ കളിക്കാൻ കൂടാൻ? ” ചെറിയ ഒരു ഊഡായിപ്പ് മണത്തെങ്കിലും ചെന്നു. ശ്രീക്കും ഇടക്കൊരു ഇടംതിരിച്ചിലുള്ളോണ്ട് അവിശ്വസിക്കേണ്ടെന്നു കരുതി. ഗേറ്റിന് വെളിയിൽ കടന്നതും ലതികച്ചേച്ചിയുടെ വീടിന്റെ വഴിയിൽ നിന്നുമൊരാൾ പോപ്പർ പൊട്ടിച്ചു ചാടി വരുന്നു. വല്ലാത്ത സന്തോഷവും അതിലേറെ അഭിമാനത്തോടെയും കുഞ്ഞിക്കൈയിൽ വച്ചു നീട്ടിയ വാച്ച് സമ്മാനം! സർപ്രൈസ് ഗിഫ്റ്റുകൾ ആർക്കാണല്ലേ സന്തോഷം തരാത്തത്! ഇത് സന്തോഷമായിരുന്നില്ല… പകരം വക്കാൻ വാക്കുകളില്ലാത്ത ഒരനുഭവം! കളികഴിഞ് വന്നയുടൻ അമ്മക്ക് വല്ലാതങ് ബോധിച്ചതറിഞ്ഞ സന്തോഷം അവനും അടക്കാനായില്ല… കെട്ടിപ്പിടിച്ച് തുരുതുരാ മുത്തങ്ങൾ! മുത്തങ്ങൾക്കൊണ്ടാറാട്ട്! സന്തോഷങ്ങളിൽ ഞങ്ങൾ അങ്ങനായിരുന്നു. പിന്നെ വിശദമായി നടന്നവതരിപ്പിക്കലായി.ആരും കാണാതെ കുടുക്ക പൊട്ടിച്ച് വിനായകനെ കൂട്ടി തൊട്ടടുത്ത കടയിൽ പോയി വാച്ചുവാങ്ങി. പോരുന്ന വഴിയിൽ പോപ്പറും… ഒരു 10 വയസ്സുകാരന്റെ വീരസ്യം! പറഞ്ഞു തീർത്തപ്പോൾ കെട്ടിപ്പിടിച്ചു ദേഹമാസകലം മുത്തം കൊണ്ടു പൊതിഞ്ഞു. ഒരായുസ്സിലേക്കുള്ള മുത്തങ്ങൾ കൊടുത്തു തീർക്കുകയാണെന്നറിയാതെ…ഇപ്പോൾ ആർക്കെങ്കിലുമൊക്കെ സമ്മാനപ്പൊതികൾ കൊടുക്കാനാണിഷ്ടം. ഇഷ്ടമുള്ളവർക്കങ്ങനെ ഇടയ്ക്കിടെ കൊടുത്തുകൊണ്ടിരിക്കുന്നു… പുതിയ ഓഫീസിൽ join ചെയ്ത് ഒരു മാസത്തോളമായപ്പോഴാണ് ലീവിലായ വിനി മാഡത്തിനെ കാണുന്നത്. അതീവ സുന്ദരി! പെരുമാറ്റം അവരുടെ സൗന്ദര്യത്തെ ജ്വലിപ്പിച്ചു. മകൾ ഉണ്ടാക്കിയ കണ്മഷിയും ലിപ് ബാമും എല്ലാവർക്കും കൊടുക്കുന്നു. ഞാനും വാങ്ങി അമ്മയ്‌ക്കൊരെ ണ്ണം. പണ്ട് അമ്മമ്മ ഉണ്ടാക്കിതന്നിട്ടുണ്ട്… അമ്മമ്മയെ കണ്ണെഴുതാതെ കണ്ടിട്ടില്ല. സച്ചു എന്ന നാലാം തലമുറക്കാരൻ സംസാരിക്കാൻ തുടങ്ങവേ കണ്ണെഴുതിയ അമ്മമ്മയെ കണ്ട് പറഞ്ഞിരുന്ന “കണ്ണങ് രേരീട്ട് ” ഓർത്തു പോയി… പ്രശസ്തആര്യവൈദ്യന്റെ മകളായ അമ്മക്ക് രാമചന്ദ്ര കണ്മഷി തന്നെ വേണമായിരുന്നു. അമ്മമ്മയുടെ മകളായത്തിനാലാവണം അമ്മയെയും കണ്ണെഴുതാതെ അധികം കണ്ടിട്ടില്ല. രാമചന്ദ്ര കണ്മഷി എല്ലായിടത്തും കിട്ടിയിരുന്നുമില്ല. കാലടിയിൽ നിന്നുമാണ് അമ്മക്കത് തീരുമ്പോൾ തീരുമ്പോൾ എത്തിച്ചിരുന്നത്.അത് കിട്ടിയിരുന്ന ബോധി ഫാർമസി… അങ്ങനെ ഓർമ്മകളിലേക്ക് പോയപ്പോഴാണ് വയനാദിനത്തിൽ സുഹൃത്തിട്ട ഫോട്ടോയിലെ ഞങ്ങൾ ആറു കാന്താരി പെൺകുട്ടികളുടെ കണ്ണെഴുത്തിനെ അനുസ്മരിപ്പിച്ച പവിത്രക്കുട്ടീടെ നന്നായെഴുതിയ കണ്ണുകളോർത്തത്… അപ്പോൾ തന്നെ അവൾക്കുമൊരെണ്ണം കൊണ്ടുവരാൻ പറ്റുമോയെന്ന് ചോദിച്ചുറപ്പിച്ചു. കിട്ടിയ അന്ന് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്നക്കൂട്ടത്തിൽ സമ്മാനപ്പൊതിഒന്നുകൂടെ വലുതാക്കാമെന്നു തോന്നി. എല്ലാംകൂട്ടി പൊതിഞ്ഞു ഭംഗിയാക്കിവച്ചു.അന്നു തന്നെ മേൽവിലാസം ചോദിച്ചതൊട്ട് കിട്ടിയതുമില്ല…പിന്നീട് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.പിന്നെയത് തരാൻ മറന്നുകാണും…എല്ലാവരുടെയും തിരക്കിനിടയിൽ ആ സമ്മാനപ്പൊതിയിങ്ങനെ ഇവിടിരുന്നെന്നെ നോക്കിയിളിക്കും… ചിലപ്പോൾ പരിഭവിക്കും… അയക്കാൻ മേൽവിലാസമില്ലാതെ അതങ്ങനെ എന്നെനോക്കി പല്ലിറുക്കും…