തിരുവനന്തപുരം: സംസ്ഥാനം വീണ്ടുമൊരു ദുരന്തഘട്ടം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ച തോതിലുള്ള മഴ ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും ശാന്ത സമുദ്രത്തിലെ ചുഴലിക്കാറ്റും നമ്മുടെ സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന മഴക്കെടുതിയിലാണെത്തിച്ചത്.
സംസ്ഥാനത്തു ഒക്ടോബര്‍ 12 മുതല്‍ 20 വരെ 42 മരണങ്ങള്‍ വിവിധ ദുരന്തങ്ങളാല്‍ സംഭവിച്ചു. ഇതില്‍ ഉരുള്‍പൊട്ടലില്‍ പെട്ട 19 പേരുടെ (കോട്ടയം12, ഇടുക്കി 7) മൃതദേഹങ്ങള്‍കണ്ടെത്തുകയുണ്ടായി. 6 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 304 ദുരിതാശ്വാസ ക്യാമ്പുകളില്‍ 3851 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒക്ടോബര്‍ 16 ന് പകല്‍ പൊടുന്നനെ അതിതീവ്രമായ മഴ കോട്ടയം ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളില്‍ ഉണ്ടായി. കൂട്ടിക്കലിലും കൊക്കായാറിലും ഉരുള്‍പൊട്ടിയ വിവരം ലഭിച്ച ഉടനെ തന്നെ പോലീസ്, അഗ്നിശമന രക്ഷാസേന, റെവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ജനപ്രതിനിധികളും തുടങ്ങി പ്രദേശത്തെ സര്‍ക്കാര്‍ സംവിധാനമാകെ നാട്ടുകാരായ ജനങ്ങളോടോപ്പം കൈകോര്‍ത്തു കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. അതിശക്തമായ മലവെള്ളപ്പാച്ചിലും നദികളിലെ
കുത്തിയൊലിച്ചൊഴുകിയ വെള്ളവും പാലങ്ങളും റോഡുകളും പൂര്‍ണ്ണമായും ഒലിച്ചു പോകുന്ന സ്ഥിതിയാണുണ്ടാക്കിയത്. സേനകളുടെ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത രീതിയില്‍ റോഡുകള്‍ മുങ്ങി പോവുകയും നദികള്‍ കുത്തിയൊലിച്ചൊഴുകുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. അതോടെ പൂര്‍ണ്ണമായി ഒറ്റപ്പെട്ട കൂട്ടിക്കല്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ രക്ഷിക്കാന്‍ ആകാശ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തിനേ സാധിക്കൂ എന്ന ഘട്ടം വന്നു. കാലാവസ്ഥ ചെറുതായി മെച്ചപ്പെട്ട ഉടനെ തന്നെ കരസേനയുള്‍പ്പെടെയുള്ള മറ്റ് കേന്ദ്ര സേനകളെ അവിടെ എത്തിക്കാനും 24 മണിക്കൂറിനകം തന്നെ അപകടത്തില്‍ പെട്ടവരില്‍ ബഹുഭൂരിപക്ഷം ആളുകളുടെയും മൃതദേഹം കണ്ടെടുക്കാനും സാധിച്ചു.
ദേശിയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളും രണ്ട് ആര്‍മി ടീമുകളും 3 ഡി എസ് സി ടീമുകളും എയര്‍ ഫോഴ്സിന്‍റെ രണ്ടു ചോപ്പറുകളും, നേവിയുടെ ഒരു ചോപ്പറും, എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാ ജില്ലകളിലും സംസ്ഥാന സേനകളെ കൂടാതെ ആവശ്യാനുസരണം ദേശിയ സേനകളെയും വിന്യസിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 16 നു തന്നെ എല്ലാ വകുപ്പുതലവന്മാരുടെയും, സേനയുടെയും, ജില്ലാ കളക്ടര്‍ മാരുടെയും അവലോകന യോഗം കൂടി സ്തിഗതികള്‍ വിലയിരുത്തി. ക്യാമ്പുകള്‍, ജനങ്ങളുടെ സുരക്ഷിതത്വം എന്നിവ മുന്നില്‍ കണ്ട് വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ നിര്‍ദേശിച്ചു. അണകെട്ടുകള്‍ തുറന്നു വിടേണ്ടി വന്നിട്ടുള്ള എല്ലാ ദിവസവും ഡാമുകളിലെ റൂള്‍ കര്‍വ് നിരീക്ഷിക്കുന്ന വിദഗ്ധസമിതി യോഗങ്ങള്‍ ചേര്‍ന്ന് ഡാമുകളുടെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്.
മഴക്കെടുതികളില്‍ മരിച്ചവര്‍ക്കുമുള്ള ധനസഹായം എത്രയും പെട്ടന്ന് കൈക്കൊള്ളാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ തകര്‍ന്ന വീടുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും കണക്കെടുപ്പ് പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് ധനസഹായം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഴയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍ പൊട്ടലിലും പെട്ട് ജീവന്‍ നഷ്ടമായവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ദുരന്ത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും സര്‍ക്കാര്‍ നല്‍കും. കിടപ്പാടവും കൃഷിയും മറ്റു സ്വത്തുക്കളും നഷ്ടപ്പെട്ടവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കും- മുഖ്യമന്ത്രി പറഞ്ഞു.