ArticlesKeralaLiterature

ഭക്ത മനസ്സിൽ ഉണരുന്ന ശ്രീവില്വാദ്രി നിറമാല

Srivilvadri Niramala awakens in the mind of the devotee

മദ്ധ്യ കേരളത്തിൽ പൂരം വേല നിറമാല താലപൊലി തുടങ്ങിയ ചെറുതും വലുതുമായ ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് തിരുവില്വാമല വില്വാദ്രി ക്ഷേത്രത്തിലെ നിറമാലയോടെയാണ്.
തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖലയിലെ തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന തിരുവില്വാമലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു പ്രസിദ്ധ ക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥ ക്ഷേത്രം. തിരുവില്വാമലയിൽ നിന്ന് തുടങ്ങുന്ന ഉത്സവക്കാലം  മേടമാസത്തിലെ അവസാന ഞായറാഴ്ച നടക്കുന്ന പറക്കോട്ടുകാവ് വേലയോടുകൂടി ഒടുവിൽ തിരുവില്വാമലയിൽ തന്നെ അവസാനിക്കും.
തിരുവില്വാമല ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് നൂറടിയിലധികം ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബ്രഹ്മത്തിന്റെ അവസാന സങ്കൽപമായ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നായ ശ്രീരാമനും അനുജൻ ലക്ഷ്മണനുമാണ് വില്വാദ്രിനാഥ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. നാലമ്പലത്തിനുള്ളിൽ ഒരേ വലുപ്പത്തിൽ അനഭിമുഖമായി രണ്ട് ചതുര ശ്രീകോവിലുകൾ ഉണ്ട്. ചതുർബാഹുവായി ശംഖചക്ര ഗദാപത്മ ധാരിയായി നിൽക്കുന്ന മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ശ്രീരാമന്റെയും ലക്ഷ്മണന്റെയും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീരാമസ്വാമി പടിഞ്ഞാറോട്ടും ലക്ഷ്മണ സ്വാമി കിഴക്കോട്ടും ദർശനമായി വാഴുന്നു.
കന്നി മാസത്തിലെ മുപ്പെട്ട് അതായത് ആദ്യത്തെ വ്യാഴായ്ച്ചയാണ് വില്വാദ്രിയിലെ നിറമാല ഉത്സവം കൊണ്ടാടുന്നത്. പുലർച്ചെ 5.30 ന് അഷ്ടപദിയോടെയാണ് ഉത്സവം തുടങ്ങുക. കേരളത്തിലെ പ്രശസ്ത ഗജവീരൻമാർ പലതും ഉടമസ്ഥർ ഏക്കം വാങ്ങാതെയാണ് നിറമാലക്ക് എഴുന്നള്ളിച്ചു വരുന്നത്. രാവിലത്തെ ശീവേലിക്ക് പതിവുള്ള ചെണ്ടമേളത്തിലും ഉച്ച ശീവേലിക്ക് പതിവുള്ള പഞ്ചവാദ്യത്തിലും ഇതോടനുബന്ധിച്ചുള്ള മദ്ദളക്കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, തായമ്പക, നാദസ്വരം തുടങ്ങിയവയിലും സംസ്ഥാനത്തെ പ്രഗൽഭ വാദ്യകലാകാരൻമാർ പ്രതിഫലം സ്വീകരിക്കാതെയാണ് അവരുടെ പ്രകടനം സമർപ്പിക്കുന്നത്. കോറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ നിറമാല ഉത്സവം നാമമാത്രമായ ചടങ്ങുകളിൽ ഒതുങ്ങും.
തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button