സൗരവ് ഗാംഗുലി ആശുപത്രിയില്‍; ഹൃദയാഘാതമെന്ന് സ്ഥിരീകരണം
Sourav Ganguly hospitalized; Confirmation of heart attack
ന്യൂഡല്‍ഹി: ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ആശുപത്രിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍
ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്‍തു. കൊല്‍ക്കത്തയിലെ വുഡ്‍ലാന്‍ഡ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാംഗുലിക്ക് ആന്‍ജിയോപ്ലാസ്റ്റി വേണ്ടിവന്നേക്കും എന്നാണ് സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോര്‍ട്ടുകള്‍. ആശുപത്രി അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
സൗരവ് ഗാംഗുലിക്ക് നേരിയ ഒരു ഹൃദയാഘാതം ഉണ്ടായെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്‍തത്. ഗാംഗുലി ആശുപത്രിയിലാണ്. എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിക്കുന്നതായും മമത ബാനര്‍ജി ട്വീറ്റ് ചെയ്‍തു.
ശനിയാഴ്‍ച്ച രാവിലെ വര്‍ക്ക് ഔട്ടിന് ശേഷം ഗാംഗുലിക്ക് ക്ഷീണം അനുഭവപ്പെട്ടു. ഇതോടെ നേരിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു – പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാംഗുലിയുടെ ആരോഗ്യത്തില്‍ ആശങ്ക വേണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വാര്‍ത്താ ഏജന്‍സി പിടിഐയോട് പറഞ്ഞത്. നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. ഇത് എന്തെങ്കിലും ഹൃദയ അസുഖവുമായി ബന്ധപ്പെട്ടാണോ എന്ന് പരിശോധിക്കുകയാണ്. ഏതാനും ടെസ്റ്റുകള്‍ വേണ്ടിവരും – പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 23ന് ആണ് സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായത്. 2015 മുതല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായിരുന്നു. 2000 മുതല്‍ 2005വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ഗാംഗുലി, 2003ല്‍ ലോകകപ്പ് ഫൈനല്‍ കളിച്ച ടീമിനെ നയിച്ചു. ഇടംകൈയ്യന്‍ ബാറ്റ്‍സ്‍മാനായ ഗാംഗുലി, ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.