Kerala

‘വീട്ടമ്മയുടെ ജീവിതം പറയുമ്പോഴും ശരണം വിളികളിട്ട് പരിഹസിക്കാതെ വയ്യ’; ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

Sobha Surendran

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ’ എന്ന സിനിമ ഒടിടി റിലീസായെത്തിയ ശേഷം സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ വലിയ ച‍ർച്ചയായിരിക്കുകയാണ്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്‍പ്പെടെ പലരും രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഈ സിനിമയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. അടുക്കളയിൽ ബുദ്ധിമുട്ടുന്ന സ്ത്രീകളുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണെന്നും അവരെയും കൂടി അംഗീകരിച്ചുകൊണ്ട് മാത്രമേ സ്ത്രീ സംബന്ധിയായ ഏത് വിഷയത്തിലും നിങ്ങള്‍ക്ക് പുരോഗമനം കണ്ടെത്താന്‍ കഴിയൂവെന്നും ഫേസ്ബുക്കിൽ ശോഭ കുറിച്ചിരിക്കുകയാണ്.

‘ഭാരത സംസ്കൃതിയുടെ എണ്ണമറ്റ കാലത്തെ ചരിത്രം പരിശോധിച്ചാൽ ഈ നാടിന്‍റെ സാമൂഹ്യ മൈത്രിക്ക് കാരണമായത് ഹൈന്ദവ സംസ്കാരത്തിന്‍റെ ആതിഥ്യമര്യാദയും ഉൾക്കൊള്ളൽ മനോഭാവവുമാണ്. നമ്മുടെ നാട്ടിൽ വന്നവരെയെല്ലാം കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളു നാം. നമ്മുടെ പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ, അവരിൽനിന്ന് ഉൾക്കൊള്ളേണ്ടത് നാം ഉൾക്കൊണ്ടിട്ടുണ്ട്. പഠിക്കേണ്ടത് പഠിച്ചിട്ടുണ്ട്. ആ സാമൂഹ്യ ജൈവപ്രക്രിയയാണ് ഇന്നിന്‍റെ ലോകത്തെ ഇത്ര പുരോഗമനപരമാക്കിയത്.

post

പക്ഷേ നിർഭാഗ്യവശാൽ, പുരോഗമനം എന്നാൽ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിന് അവർ ആദ്യം ആക്രമിക്കാൻ ഉന്നംവയ്ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്കാരത്തെയുമാണ്. ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാൻ ഒരു സിനിമയെടുക്കുമ്പോൾ പോലും ശരണം വിളികൾ പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമനത്തെ ഈ കൂട്ടർ മനസ്സിലാക്കിയിരിക്കുന്നത്. ഈ കൂട്ടർ തന്നെയല്ലേ വിശ്വാസസംരക്ഷകരായ സ്ത്രീകളെ അപമാനിക്കാനായി ‘കുലസ്ത്രീകൾ’ എന്ന് വിളിച്ചത്? അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?

ശരാശരി മധ്യവർഗ്ഗ വീടുകളുടെ അടുക്കളയിലെ കരിക്കലങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകൾ ഈ നാട്ടിലുണ്ട്. പക്ഷേ അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണ്‌. അതുകൂടി തകർത്തു കഴിഞ്ഞാൽ ജീവിതത്തിന്‍റെ സർവ്വ പ്രതീക്ഷകളും അസ്തമിച്ചു പോയേക്കാവുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരെയും കൂടി അംഗീകരിച്ചുകൊണ്ട് മാത്രമേ സ്ത്രീ സംബന്ധിയായ ഏത് വിഷയത്തിലും നിങ്ങൾക്ക് പുരോഗമനം കണ്ടെത്താൻ കഴിയൂ. ഇൻക്ലൂസിവ് അല്ലാത്ത ഒരു പ്രത്യയശാസ്ത്രത്തെയും പുരോഗമനപരം എന്ന് വിളിക്കാൻ കഴിയില്ല’, ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button