വി മുരളീധരന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സിദ്ദിഖ് കാപ്പന്‍റെ ഭാര്യ
Siddique Kappan's wife points out V Muraleedharan's double standard
ന്യൂഡൽഹി: രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഹത്രാസിലേക്ക് പോകുന്ന വഴി യുപി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത്. റിപ്പബ്ലിക് ടിവി അവതാരകൻ അർണബ് ഗോസ്വാമിയുടെ വിഷയത്തിൽ പ്രതികരണവുമായെത്തിയ നേതാക്കൾ എന്തുകൊണ്ട് കാപ്പന്‍റെ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്ന് അവർ ചോദിച്ചതായി ദേശീയ മാധ്യമമായ ദ വയറാണ് റിപ്പോർട്ട് ചെയ്തത്. ഹാത്രസിലേക്ക് പോകുന്ന വഴി യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സിദ്ദിഖ് കാപ്പന് മാധ്യമ ശ്രദ്ധ ലഭിക്കാതിരിക്കുമ്പോൾ അർണബിനായി കേന്ദ്രമന്ത്രിമാരും ബിജെപി നേതൃത്വവും രംഗത്തെത്തുന്നതാണ് അദ്ദേഹത്തിന്‍റെ ഭാര്യ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
‘ഡൽഹിയിലുള്ള ഞങ്ങളുടെ മന്ത്രി വി മുരളീധരൻ ഗോസ്വാമിയുടെ അറസ്റ്റിനെ എതിർക്കുകയും മാധ്യമ സ്വാതന്ത്രത്തിനെതിരായ ആക്രമണമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ യുപിയിലെ ജയിലിൽ അടച്ചിട്ടിരിക്കുന്ന സ്വന്തം സംസ്ഥാനത്ത് നിന്നുള്ള ഒരാളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടില്ല’ റൈഹാനത്ത് പറഞ്ഞു. നേരത്തെ കാപ്പന്‍റെ അറസ്റ്റിന് പിന്നാലെ അഭിഭാഷകർക്ക് അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും അറസ്റ്റിന് ശേഷമുള്ള ആദ്യ ദിവസങ്ങളിൽ കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പിന്നീട് കുടുംബവുമായി ബന്ധപ്പെടാൻ അവസരം നൽകണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അർണബ് ഗോസ്വാമിയുടെ വിഷയത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി മറ്റൊരു മാധ്യമപ്രവർത്തകനായ പ്രശാന്ത് കനോജിയും രംഗത്തെത്തിയിട്ടുണ്ട്. ഒരു ട്വീറ്റിന്‍റെ പേരിൽ മൂന്ന് മാസം ജയിലിൽ കിടക്കേണ്ടി വന്ന മാധ്യമപ്രവർത്തകനാണ് കനോജി. റിപ്പബ്ലിക് ടിവിയുടെ ഒരു ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് കനോജി രംഗത്തെത്തിയത്.