
ന്യൂഡൽഹി: യുപി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റിയത്. കോടതി നിർദേശം പുറത്ത് വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് എയിംസിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്.
ഒരു ഡെപ്യൂട്ടി ജയിലറേയും മെഡിക്കൽ ഓഫീസറെയും കാപ്പനൊപ്പം നിയോഗിച്ചിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒന്നര മണിക്കൂറിലധികം നീണ്ട് നിന്ന വാദത്തിന് ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ യുപി സർക്കാരിന് നിർദേശം നൽകിയത്.
ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും തടവുകാർക്കും ഇത് ബാധകമാണെന്നും സിദ്ദിഖ് കാപ്പന് ഉത്തരവിൽ സുപ്രീം കോടതി ചൂണ്ടികാട്ടിയിരുന്നു. എയിംസിലിലേക്കോ ആർഎംഎൽ ആശുപത്രിയിലേക്കോ മാറ്റണമെന്നായിരുന്നു കോടതി നിർദേശം. രോഗമുക്തമാനായ ശേഷം മഥുര ജയിലിലേക്ക് തന്നെ തിരിച്ചയക്കാമെന്നും കോടതി പറഞ്ഞിരുന്നു.
കാപ്പനെ യുപിയിൽ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറൽ എതിര്‍ത്തെങ്കിലും മെച്ചപ്പെട്ട ചികിത്സ നൽകണമെന്നാവശ്യപ്പെട്ടാണ് കോടതി ഇടപെടൽ ഉണ്ടായത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണെന്നും കോടതി പറഞ്ഞിരുന്നു.