അജ്യാൽ അന്താരാഷ്ട്ര ചലചിത്രമേളയിൽ ഇടംനേടി ‘ശൃംഗാർ’
'Shringar' gets a place in Ajyal International Film Festival
ദോഹ: അജ്യാൽ അന്താരാഷ്ട്ര ചലചിത്രമേളയിൽ മാറ്റുരക്കാൻ മലയാളികളുടെഹ്രസ്വ ചലച്ചിത്രാവിഷ്‌ക്കാരം. മേളയിലെ ‘മെയ്ഡ് ഇൻ ഖത്തർ’ വിഭാഗത്തിലാണ് മലയാളികളുടെ അഭ്രഭാഷയായ ‘ശൃംഗാർ’ തെരഞ്ഞെടുക്കപ്പെട്ടത്. സൗന്ദര്യ വർദ്ധക വസ്തുക്കളാൽ മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുമ്പോൾ മാറ്റുകുറയുന്ന ജീവിതകാഴ്ചകളുടെ ന്വമ്പരം പകർത്തിയ ചിത്രം ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു . ബാലവേലയുടെ ചമയകൂട്ടുകളിൽ നിറംമങ്ങിപോകുന്ന കുട്ടികളുടെ ദൈന്യതയാണ് ‘ശൃംഗാർ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ മുഹമ്മദ് നൗഫൽ (നൗഫു സ്റ്റാമ്പ്ഡ്)പറയുന്നത് . ഛായാഗ്രഹണവും എഡിറ്റിഗും ജിൻഷാദ് ഗുരുവായൂർ,നിർമാണം വിമൽ കുമാർ മാണി. ആഷ്‌മിത മഹേഷ്, അബ്ദുൽ ഷുക്കൂർ, നിത്യ എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് .11 മിനിട്ടു ദൈർഘ്യം വരുന്ന ചിത്രം പൂർണമായും ഖത്തറിലാണ് ചിത്രീകരിച്ചിരിക്കുന്നത്.’ശൃംഗാർ’ എന്ന ഹിന്ദി വാക്കിൻറ അർഥം ‘മേക്കപ്പ്’ എന്നാണ്.
ഇന്ത്യയിലെ മൈക്ക മേഖലയിൽ നടക്കുന്ന ബാലവേലയാണ് വിഷയം. മകൾക്ക് ഒരമ്മ പറഞ്ഞുകൊടുക്കുന്ന കഥകളിലൂടെ അവൾക്കുണ്ടാകുന്ന പേടിസ്വപ്നത്തിലൂടെയാണ് സംവിധായകൻ ബാലവേലയുടെ ദൈന്യത പ്രേക്ഷകൻറ മുന്നിലെത്തിക്കുന്നത്. സൗന്ദര്യവർധകവസ് തുക്കളുമായി ബന്ധപ്പെട്ട വൻവ്യവസായമാണ് ഇന്ത്യയിലെ മൈക്ക ഖനന മേഖല. കഥക്, നിഴൽക്കൂത്ത്, ഹിന്ദുസ്താനി സംഗീതം തുടങ്ങിയ വിവിധ ഇന്ത്യൻ കലാരൂപങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.
എട്ടുവർഷമായി ഖത്തർ പ്രവാസിയായ മുഹമ്മദ് നൗഫൽ ഖത്തർ പ്ലാസ്റ്റിക് പ്രൊഡക്ഷൻ കമ്പനിയിൽ ഫിനാൻസ് അസിസ്റ്റൻറ് ആണ്.’ബോർഡർ’, ‘റോഡ്സൈഡ്’, ‘ലൗഡർ വോയ്സ്’ എന്നീ നൗഫലിൻറ ചിത്രങ്ങൾ മുമ്പ് വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ‘ദി അൺജസ്റ്റ്’ ചിത്രം ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻറ ഒരുമിനിട്ട് ചലചിത്രവിഭാഗത്തിൽ അംഗീകാരം നേടിയിട്ടുണ്ട്. നവംബർ 18 മുതൽ 23 വരെയാണ് കത്താറയിൽ അജ്യാൽ ചലചിത്രമേള നടക്കുന്നത്. മേയ്ഡ്ഇൻ ഖത്തർ വിഭാഗത്തിൽ നവംബർ 21ന് ലുസൈൽ ഡ്രൈവ് ഇൻ സിനിമയിൽ വൈകുന്നേരം 6.30നും 22ന് വൈകുന്നേരം 5.30ന് ഫെസ്റ്റിവെൽ സിറ്റിയിലെ വോക്സ് സിനിമയിലും ‘ശൃംഗാർ’ പ്രദർശിപ്പിക്കും.
ഷഫീക് അറക്കൽ