ഈ വര്‍ഷം സ്‌കൂള്‍ തുറക്കണോ; രണ്ടാം ക്ലാസുകാരന്‍ മാസിന്റെ മാസ് മറുപടി
Should the school open this year; Mass reply from a second grader
കണ്ണൂര്‍: മുഹമ്മദ് മാസിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. സ്‌കൂള്‍ തുറക്കണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മാസ് മറുപടി നല്‍കിയിരിക്കുകയാണ് രണ്ടാം ക്ലാസുകാരനായ മുഹമ്മദ് മാസിന്‍. ചക്കരക്കല്ലില്‍ സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫിസില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന അവലോകനത്തിനെത്തിയ മുഖ്യമന്ത്രി യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാണാനായി കാത്തു നില്‍ക്കുകയായിരുന്നു മാസിന്‍.
“മുഹമ്മദ് മാസിനോട് മുഖ്യമന്ത്രി ചോദിച്ചു, സ്‌കൂള്‍ തുറക്കണോ, തലയാട്ടിക്കൊണ്ട് വേണമെന്ന് മാസ് മറുപടി നല്‍കി. ഈ വര്‍ഷം തുറക്കണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വേണ്ടെന്ന് മാസിന്‍ പറഞ്ഞു”. ഇരുവരും തമ്മിലുള്ള സംഭാഷണം വൈറലായിരിക്കുകയാണ്.
സിപിഎം ഏരിയാ സെക്രട്ടറി പി കെ ശബരീഷിനൊപ്പം പുറത്തിറങ്ങിയ മുഖ്യമന്ത്രി നല്ല മാസ്‌കാണല്ലോ എന്ന് മാസിനോട് പറഞ്ഞു. സാറിനെ കാണാനായി കാത്തുനില്‍ക്കുകയാണെന്ന് പോലീസുകാര്‍ പറഞ്ഞപ്പോള്‍ കുനിഞ്ഞ് ഏത് ക്ലാസിലാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്‌കൂളില്ലല്ലോ എന്ന് കുട്ടി. പിന്നെയും ചോദിച്ചപ്പോള്‍ രണ്ടാം ക്ലാസിലാണെന്ന് മറുപടി നല്‍കി. ഓണ്‍ലൈന്‍ ക്ലാസില്ലേയെന്നും പരീക്ഷയില്ലേയെന്നും എല്ലാം മുഖ്യമന്ത്രി ചോദ്യം നല്‍കി. ഒടുവിലാണ് സ്‌കൂള്‍ തുറക്കലിനെ കുറിച്ച് സംസാരിച്ചത്.