ഷൊർണൂർ ജയപ്രകാശൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി
Shornur Jayaprakash Namboothiri elected as the chief Priest of the Guruvayur temple
ഗുരുവായൂർ ക്ഷേത്രം മേല്‍ശാന്തിയായി ഷൊര്‍ണ്ണൂര്‍ കാരക്കാട് തെക്കേപ്പാട്ട് മനയില്‍ ജയപ്രകാശൻ നമ്പൂതിരി(52)യെ തിരഞ്ഞെടുത്തു. ക്ഷേത്രത്തില്‍ ഉച്ച പൂജക്ക് ശേഷം 12.15 ഓടെ ഇപ്പോഴത്തെ മേല്‍ശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണ് വെള്ളി കുംഭത്തിൽ നിന്ന് ജയപ്രകാശ് നമ്പൂതിരിയുടെ പേരെഴുതിയ നറുക്കെടുത്തത്. ഒക്ടോബര്‍ 1 മുതല്‍ 2022 മാർച്ച് 31 വരെയുള്ള ആറു മാസത്തേക്കാണ് നിയമനം.
തെക്കേപ്പാട്ട് മനയില്‍ പരേതനായ നാരായണന്‍ നമ്പൂതിരിയുടേയും, ശ്രീകൃഷ്ണപുരം തോട്ടറ മണ്ണംപറ്റ വടക്കേടത്തു മനയില്‍ പാര്‍വ്വതീ ദേവീ അന്തര്‍ജ്ജനത്തിന്‍റേയും മകനാണ്. . പട്ടാമ്പി കൊപ്പത്തിനടുത്തുള്ള ടി.ടി.സി. കോളേജിന്‍റെ പ്രിന്‍സിപ്പാളായ കോട്ടയം രാമപുരം ഇടമന ഇല്ലത്ത് വിജി യാണ് ഭാര്യ . ഏക മകന്‍ ഡിഗ്രി വിദ്യാര്‍ത്ഥി പ്രവിജിത്. ഷൊര്‍ണ്ണൂര്‍ ചുടുവാലത്തൂര്‍ ശിവ ക്ഷേത്രത്തിലെ മേല്‍ശാന്തിയായ ശങ്കരനാരായണന്‍ നമ്പൂതിരി, ഇതേ ക്ഷേത്രത്തിലെ തന്നെ ശാന്തിയായ ശിവദാസന്‍ നമ്പൂതിരി, കവളപ്പാറ വാമനമൂര്‍ത്തി ക്ഷേത്രത്തിലെ ശാന്തിയായ ജാതവേദന്‍ നമ്പൂതിരി എന്നിവര്‍ സഹോദരങ്ങളാണ്.
ജയപ്രകാശൻ നമ്പൂതിരി ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളി വെസ്റ്റ് ഇന്‍ഡ് നഗര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്ററായി ജോലി ചെയ്യുന്നതിനിടെയാണ് മേൽശാന്തി നിയമനത്തിനായി അപേക്ഷിച്ചത്. ആദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാവുന്നത്. രാവിലെ തന്ത്രി നമ്പൂതിരിപ്പാടിനു മുന്നില്‍ കൂടിക്കാഴ്ചക്ക് ശേഷം ഗുരുവായൂരപ്പനെ തൊഴുത് വീട്ടിലേക്കു മടങ്ങിയ ഇദ്ദേഹത്തെ മേല്‍ശാന്തിയായി തിരഞ്ഞെടുത്ത വിവരം ഫോണിലൂടെ അറിയിക്കുകയായിരുന്നു.
ഇത്തവണ 40 അപേക്ഷകരാണ് ഉണ്ടായിരുന്നത്. സൂക്ഷ്മ പരിശോധനക്ക് ശേഷം ഇതില്‍ 39 പേരെ ഇന്ന് രാവിലെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിനു മുന്നില്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരുന്നുവെങ്കിലും 36 പേരെ ഇതില്‍ സംബന്ധിച്ചിരുന്നുള്ളൂ. തന്ത്രിമാരായ ചേന്നാസ് ഹരി നമ്പൂതിരി, ചേന്നാസ് ശ്രീകാന്ത് നമ്പൂതിരി എന്നിവരും മുഖ്യ തന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. തന്ത്രി നാരായണന്‍ നമ്പൂതിരി, ഹരി നമ്പൂതിരി, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, അഡ്മിനിസ്ട്രേറ്റര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 12 ദിവസത്തെ ഭജനത്തിനു ശേഷം സെപ്തംബര്‍ 30ന് രാത്രി അത്താഴപൂജ കഴിഞ്ഞ് ഇദ്ദേഹം ചുമതലയേല്‍ക്കും.
“വിവരങ്ങൾ ഗുരുവായൂർ ദേവസ്വം”
തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ