ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Shivshankar's anticipatory bail plea rejected
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കസ്റ്റംസ്, ഇഡി കേസുകളിലെ മുൻകൂർ ജാമ്യ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ശിവശങ്കർ നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് കോടതിയിൽ ഹാജരാക്കിയതെന്ന് റിപോർട്ടുകൾ പറയുന്നു. ജാമ്യഹർജി തള്ളിയതോടെ കസ്റ്റംസിനും ഇഡിയ്ക്കും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനുള്ള അവസരമാണ് ഒരുങ്ങിയത്.
അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ലെന്നും കസ്റ്റംസും ഇഡിയും കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ ശിവശങ്കർ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചെന്നും കസ്റ്റംസ് പറഞ്ഞു. കോടതി ഉത്തരവിന് പിന്നാലെ തന്നെ ഇഡി ഉദ്യോഗസ്ഥർ ശിവശങ്കർ ചികിത്സയിൽ കഴിയുന്ന വഞ്ചിയൂരിലെ ആശുപത്രിയിലേക്കെത്തിയിട്ടുണ്ട്.