Qatar

കത്താറ ബീച്ചില്‍ പായ്ക്കപ്പല്‍ മേള

Ship Fair at Katara Beach

ദോഹ: പഴമയുടെ ഓര്‍മകളിലേക്ക് കപ്പലോട്ടം നടത്തി, കത്താറ ബീച്ചില്‍ നടക്കുന്ന ഖത്തറിലെ പരമ്പരാഗത പായ്ക്കപ്പല്‍ മേളയ്ക്ക് വന്‍ പ്രതികരണം. തങ്ങളുടെ സമുദ്രയാന പൈതൃകം പുതുതലമുറയ്ക്ക് പരിചയപ്പെടുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പത്താമത് പായ്ക്കപ്പല്‍ മേളയാണ് ഇവിടെ പുരോഗമിക്കുന്നത്. ഖത്തറിനു പുറമെ, ഇന്ത്യ, കുവൈത്ത്, ഒമാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളും പായ്ക്കപ്പല്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

ഈരാജ്യങ്ങളുടെ സമുദ്രയാന പാരമ്പര്യത്തെ കുറിച്ചുള്ള അതിമനോഹരമായ എക്‌സിബിഷനും മേളയുടെ ഭാഗമായി ഖത്തറിന്റെ സാംസ്‌കാരിക-പൈതൃക കേന്ദ്രമായ കത്താറയില്‍ ഒരുക്കിയിട്ടുണ്ട്. പഴയകാല സമുദ്രയാത്രകളുടെ ഓര്‍മകള്‍ അയവിറക്കുന്നതിനായി പരമ്പരാഗത പായ്ക്കപ്പലില്‍ ഉല്ലാസയാത്ര സംഘടിപ്പിച്ചുകൊണ്ടായിരുന്നു മേളയ്ക്ക് തുടക്കം കുറിച്ചത്.

അഞ്ച് ദിവസം നീളന്ന പായ്ക്കപ്പല്‍ മേളയില്‍, പായ്ക്കപ്പലോട്ട മല്‍സരം, സമുദ്ര കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന- വിപണന മേള, പായ്ക്കപ്പല്‍ നിര്‍മാണ ശില്‍പ്പശാലകള്‍, മീന്‍ വല നിര്‍മാണം, കുട്ടികള്‍ക്കായി പഴയ പായ്ക്കപ്പല്‍ യാത്രകളുടെ കഥ പറച്ചില്‍, സാംസ്‌കാരിക, കലാ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. മീന്‍പിടിത്തം, നീന്തല്‍ തുടങ്ങിയ മത്സരങ്ങളും നടന്നുവരുന്നുണ്ട്. ഒമാന്‍ നാടോടി സംഗീതമാണ് ഇത്തവണത്തെ പായ്ക്കപ്പല്‍ മേളയുടെ മറ്റൊരു സവിശേഷത. എല്ലാ ദിവസവും ട്രൂപ്പിന്റെ വ്യത്യസ്ത സംഗീതപരിപാടികളാണ് കത്താറയില്‍ നടക്കുന്നത്.

സമാപന ദിവസമായ ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് 3.30 മുതല്‍ രാത്രി 11.00 വരെ പ്രവേശനം സൗജന്യമാണ്. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന എല്ലാവിധ കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികളും മേളയ്‌ക്കെത്തുന്നവര്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ഖത്തറിലെ മന്ത്രിമാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ മേളയില്‍ എത്തിയിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button