തനിമഖത്തർ ‘വായനാലയം’ ശിഹാബുദ്ധീൻ പൊയ്തുംകടവ് ഉത്ഘാടനം ചെയ്തു
Shihabuddin Poythumkadavu inaugurated the Tanima Qatar 'Library'
ദോഹ: പ്രവാസകാലത്ത് ലഭിക്കുന്ന ഒഴിവു സമയങ്ങൾ സർഗാത്മക വായനക്കായി ഉപയോഗപ്പെടുത്തണമെന്ന് പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ധീൻ പൊയ്തുംകടവ് അഭിപ്രായപ്പെട്ടു. തനിമ റയ്യാൻ സോണിന്റെ കീഴിൽ ആരംഭിക്കുന്ന റീഡേഴ്സ് ഫോറമായ വായനാലയം ഔദ്യാഗികമായി ഉത്ഘാടനം ചെയ്ത് ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃസ്വകാലം പ്രവാസിയായിരുന്ന അദ്ദേഹം കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രവാസികൾക്കുള്ള പങ്ക് നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ് എന്ന് സൂചിപ്പിച്ചു.
തനിമ കലാ സാഹിത്യ വേദി കേരള ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി മുഖ്യ പ്രഭാഷണം നടത്തി. കലയും ഹൃദയവും തമ്മിലുള്ള ബന്ധത്തിലൂടെ പുതിയ സംസ്കാരങ്ങളും ശീലങ്ങളും രൂപപ്പെടുകയും കാലവും കലയും തമ്മിൽ ബന്ധപ്പെടുത്തുമ്പോൾ കല കാലത്തിന്നതീതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആശംസകൾ നേർന്നുകൊണ്ട് 98.6 എഫ്.എം റേഡിയോ സി.ഇ.ഒ അൻവർ ഹുസൈൻ, തനിമ ഖത്തർ ഡയറക്ടർ അഹമ്മദ് ഷാഫി, സി.ഐ.സി. റയ്യാൻ സോൺ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം സുഹൈൽ ശാന്തപുരം എന്നിവർ സംസാരിച്ചു. കൊച്ചിൻ ശരീഫ്, അബ്ദുൽ ലത്തീഫ്, ഹൻസ റഫീഖ് എന്നിവർ ഗാനമാലപിച്ചു. എ.പി. അഷ്‌റഫിന്റെ ഖുർആനിലെ കാവ്യാവിഷ്‌കാരത്തോടെ തുടങ്ങിയ പരിപാടിയിൽ തനിമ റയ്യാൻ സോൺ അധ്യക്ഷൻ റഫീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. സുഹൈൽ ചേരട സ്വാഗതവും, ഷിബിലി നുഅമാൻ നന്ദിയും പ്രകാശിപ്പിച്ചു.
ഷഫീക് അറക്കൽ