
കൊല്ലം: പരവൂർ സ്വദേശിയായ നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കുട്ടിയുടെ അഞ്ചുവയസ്സുള്ള സഹോദരൻ മരിച്ചിരുന്നു. ഈ മരണം ഷിഗെല്ലയെ തുടർന്നാണോ എന്നറിയാൻ ആരോഗ്യവകുപ്പ് വിശദപരിശോധന നടത്തിവരികയാണ്. മരിച്ചത് പരവൂർ കോട്ടപ്പുറം സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുവയസ്സുള്ള കുട്ടിയാണ്. ഈ കുട്ടി കോട്ടപ്പുറം ഗവ. എൽ.പി.സ്കൂളിലെ വിദ്യാർഥിയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ സ്കൂളിൽവെചാച്ചായിരുന്നു കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ രക്ഷിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോകുകയും തുടർന്ന് പരവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ശേഷം അവിടെനിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. 11 വയസ്സുള്ള മൂത്ത കുട്ടിക്കും അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും ആരോഗ്യനില മോശമായില്ല.
ഏറ്റവും ഇളയകുട്ടിയുടെ നില മോശമായതിനെ തുടർന്നാണ് കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതാവടക്കമുള്ള കുടുംബാംഗങ്ങളും ചികിത്സയിലാണ്. പരിശോധയിൽ ഷിഗെല്ല സ്ഥിരീകരിച്ച കുട്ടിക്ക് വിദഗ്ധചികിത്സ നൽകിയതിനെ തുടർന്നാണ് ആരോഗ്യനില മെച്ചപ്പെട്ടത്. മരിച്ച കുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.