അടുത്ത വർഷം മുതൽ ലൈംഗികവിദ്യാഭ്യാസം: എതിർപ്പുകൾ വകവെക്കാതെ ചരിത്രനീക്കത്തിന് സർക്കാർ
Sex education from next year: Govt to make historic move despite opposition

കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമഗ്രമാറ്റങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ലൈംഗിക വിദ്യാഭ്യാസം, മിക്സഡ് സ്കൂൾ എന്നിങ്ങനെ വിവിധ പദ്ധതികളാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് സർക്കാർ.
പുതിയ പദ്ധതിയുടെ ഭാഗമായി ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സമാനമായ നിർദ്ദേശം ബാലാവകാശ കമ്മീഷനും നൽകിയിരുന്നു. സ്‌കൂളുകൾക്ക് ആൺ – പെൺ വേർതിരിവ് വേണ്ടെന്നും അത് ലിംഗനീതി നിഷേധിക്കുന്നുവെന്നുമാണ് ബാലാവകശ കമ്മീഷന്റെ നിരീക്ഷണമുണ്ടായിരിക്കുന്നത്. കൊല്ലം അഞ്ചൽ സ്വദേശിയായ ഡോ ഐസക്ക് പോൾ നൽകിയ ഹർജിയിലാണ് ബാലാവകാശ കമ്മീഷൻ ചരിത്രപരമായ നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിന് പിന്നാലെ ഇതിന്റെ സാധ്യതകളേക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ചർച്ചകൾ നടത്തുവാൻ തയ്യാറെടുക്കുകയാണ്. പാഠ്യപദ്ധതി പരിഷ്കരണത്തേക്കുറിച്ചും വിദ്യാഭ്യാസ വകുപ്പ് ചർച്ച നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കേരള പാഠ്യപദ്ധതിയുടെ ചട്ടകൂടുകൾ സംബന്ധിച്ച് സമൂഹ ചർച്ചയ്ക്ക് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ കരട് കുറിപ്പിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അഭിപ്രായമറിയിക്കാൻ ചൊവ്വാഴ്ച ചേർന്ന കരിക്കുലം കോർ കമ്മിറ്റി യോഗത്തിൽ അംഗങ്ങളോട് നിർദ്ദേശിച്ചതായും മാധ്യമ റിപ്പോർട്ടുണ്ട്.
പാഠ്യപദ്ധതി പരിഷ്കരണത്തിൽ പരിഗണിക്കേണ്ട 25 വിഷയ മേഖലകൾ സംബന്ധിച്ച കുറിപ്പിലാണ് ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം പ്രത്യേകം ചർച്ചക്കുവെച്ചത്. അതിന് പുറമെ, കരട് രേഖയിൽ ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ സ്കൂളികളിലേക്ക് എത്തിക്കാനും ക്ലാസ് മുറികളിൽ സമത്വത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്നും മുന്നോട്ട് വയ്ക്കുന്നു.
ലിംഗതുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച സമൂഹത്തിന്റെ പൊൊതുബോധം വിമർശനാപരമായി പരിശോധിക്കേണ്ടതുണ്ടെന്നും ചർച്ചയ്ക്കായി നൽകിയ കുറിപ്പിൽ പറയുന്നു.
അതേസമയം, ലൈംഗിക വിദ്യാഭ്യാസം പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ട് വർഷത്തിനകം പുതുക്കിയ പാഠ്യപദ്ധതി പുറത്തിറക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് നിലവിൽ 280 ഗേൾസ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണ് ഉള്ളത്. പുതിയ മാറ്റം വരുന്നതോടെ എല്ലാ സ്കൂളുകളും മിക്സഡ് ആയി മാറും. ലിംഗഭേദമില്ലാത്ത യൂണിഫോം, സ്കൂളുകൾ മിക്സഡ് ആക്കി മാറ്റൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നത് ചർച്ചയായതിനു പിന്നാലെയാണ് പുതിയ നടപടി.