Kerala

പ്രതീക്ഷകൾക്ക് തിരിച്ചടി; ജനുവരി അഞ്ചിന് തീയേറ്ററുകൾ തുറക്കില്ല

Setback to expectations; Theaters will not open until January 5th

കൊവിഡ് മൂലം പ്രവർത്തനം നിലച്ചു പോയ സിനിമാ മേഖലയ്ക്ക് പുത്തനുണർവ്വേകുന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയത്. ജനുവരി അഞ്ചു മുതൽ സംസ്ഥാനത്തെ തീയേറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സിനിമാ പ്രേമികളും അണിയറപ്രവർത്തകരുമെല്ലാം വലിയപ്രതീക്ഷയിലായിരുന്നു. എന്നാൽ ഈ പ്രതീക്ഷകൾക്ക് തിരിച്ചടി ഏൽപ്പിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൊവിഡ് ഈ മേഖലയ്ക്ക് ഏൽപ്പിച്ച പ്രതിസന്ധി ആയിരത്തോളം പേർക്ക് ജോലിയില്ലാതാക്കിയിട്ടുണ്ടെന്നും ഇത് പരിഗണിച്ചാണ് തീയേറ്ററുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

എന്നാലിപ്പോഴിതാ സർക്കാർ അനുമതി നൽകിയെങ്കിലും ജനുവരി അഞ്ചാം തീയ്യതി തീയേറ്ററുകൾ തുറക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക പിന്തുണയില്ലാതെ തുറക്കില്ലെന്ന് ഫിലിം ചേംബർ അറിയിച്ചു. ആറാം തീയ്യതി ഫിലിം ചേംബർ ചേരുന്ന അടിയന്തിര യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് തീയ്യേറ്ററുടമകളുടെ സംഘടനയും ആവശ്യപ്പെട്ടു.

ഫിയോക്കിൻ്റെ യോഗം അഞ്ചാം തീയ്യതി ചേരാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. സിനിമാ തീയ്യേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയെങ്കിലും ഇപ്പോഴും അവ്യക്തതകൾ തുടരുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഫിലിം ചേംബർ സർക്കാരിനു നൽകിയിരിക്കുന്ന നിവേദനപ്രകാരം വൈദ്യുതി ചാർജ്ജിൽ ഇളവ്, വിനോദ നികുതി പൂർണ്ണമായും ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.

ഈ ആവശ്യങ്ങൾ ഒന്നും തന്നെ പരിഗണിക്കാതെയും പ്രത്യേക പാക്കേഡ് പ്രഖ്യാപിക്കാതെയുമാണ് സർക്കാർ തീയേറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനെ സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ വളരെ വേഗം തീയ്യേറ്ററുകൾ തുറക്കുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ആറാം തീയ്യതി ഫിലിം ചേംബറിൻ്റെയും സിനിമാ സംഘടനകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button