Qatar

ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സെല്‍ഫ് ചെക്ക്-ഇന്‍, ബാഗേജ് ഡ്രോപ്പ് സംവിധാനം ആരംഭിച്ചു

Self check-in and baggage drop system launched at Hamad International Airport

ദോഹ: ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാർക്ക് സ്പര്‍ശനമില്ലാതെ പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ചെക്ക്-ഇന്‍, ബാഗേജ് ഡ്രോപ്പ് സംവിധാനം ഉപയോഗപ്പെടുത്താം. പ്രവാസികളടക്കം ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്ക് സമ്പര്‍ക്ക രഹിതമായി യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനം സഹായകരമാകും. സ്പര്‍ശന രഹിത സെല്‍ഫ് ചെക്ക് ഇന്‍, ബാഗേജ് ഡ്രോപ്പ് സംവിധാനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമാണ് തുടങ്ങിയിരിക്കുന്നത്.

ഇന്‍ഫ്രാ-റെഡ് സാങ്കേതിക വിദ്യയിലുള്ള ഹാപ്പിഹോവര്‍, സിറ്റ മൊബൈല്‍ സൊലുഷനുകള്‍ ഉപയോഗിച്ചാണ് ലളിതവും വേഗത്തിലുള്ളതുമായ സമ്പര്‍ക്ക രഹിത സെല്‍ഫ് ചെക്ക് ഇന്‍, ബാഗേജ് ഡ്രോപ്പ് സംവിധാനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ യാത്രക്കാരുടെയും വിമാനത്താവളത്തിലെ ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

യാത്രക്കാരുടെ വിരലടയാളം തിരിച്ചറിയുന്നതിനായി ഇന്‍ഫ്രാ റെഡ് സാങ്കേതികവിദ്യയാണ് ഉപയോഗിചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും സ്‌ക്രീനില്‍ സ്പര്‍ശിക്കാതെ നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കും. യാത്രക്കാരന് സ്വന്തം മൊബൈല്‍ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാം. ആദ്യം ചെക്ക് ഇന്‍ ബൂത്തിന് മുമ്പില്‍ കൃത്യമായ സ്ഥലത്ത് യാത്രക്കാരന്‍ നില്‍ക്കണം. ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയെന്നതാണ് അടുത്തഘട്ടം. ഇതോടെ വൈഫൈയിലൂടെ മൊബൈല്‍ ഫോണും സിറ്റ റിമോട്ട് കണ്‍ട്രോള്‍ ആപ്ലിക്കേഷനും കണക്ട് ആകും. ഹാപ്പിഹോവര്‍ സൊലൂഷനിലൂടെ യാത്രക്കാരന്റെ വിരലടയാളം ബൂത്തിലെ സ്‌ക്രീന്‍ തിരിച്ചറിയും. സിറ്റ സമ്പര്‍ക്ക രഹിത കിയോസ്‌ക് സൊലൂഷന്‍ ഉപയോഗിച്ച് ബൂത്തിലെ സ്‌ക്രീനിന്റെ മൗസ് പോയിന്റര്‍ യാത്രക്കാരന് നിയന്ത്രിക്കാനാകുന്ന വിധത്തിലാണ് ക്രമീകരണം. ആപ്പില്‍ കീബോര്‍ഡ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ബൂത്തിലെ സ്‌ക്രീനില്‍ ടൈപ്പ് ചെയ്യുന്നതിന് പകരം ആപ്പിലെ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്താല്‍ മതിയാകും. എങ്ങും തൊടാതെ ചെക്ക് ഇൻ ചെയ്യാം. ഒപ്പം ബാഗേജും നൽകാം.

പരിശോധനാ കൗണ്ടറുകളിലെ നടപടികള്‍ സമ്പര്‍ക്ക രഹിതമാക്കാന്‍ സുരക്ഷാ ചെക്ക്‌പോയിന്റുകളില്‍ ഹാന്‍ഡ് ബാഗിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറത്തെടുക്കാതെ തന്നെ യാത്രക്കാരന്റെ ബാഗിനുള്ളിലെ ഏത് ഉപകരണങ്ങളും വേഗത്തില്‍ തിരിച്ചറിയാനുള്ള അത്യാധുനിക സി2 സുരക്ഷാ പരിശോധനാ സാങ്കേതിക വിദ്യ നേരത്തെ നടപ്പാക്കിയിരുന്നു. ഇത് കൂടാതെ ബാക്ടീരിയ പ്രതിരോധ ട്രേകള്‍, ട്രേകള്‍ വേഗത്തില്‍ അണുവിമുക്തമാക്കുന്നതിനുള്ള ഓട്ടോമേറ്റഡ് യു.വി എമിറ്റിങ് മൊഡ്യൂളുകള്‍, അണുവിമുക്ത റോബോട്ടുകള്‍, ബാഗേജുകള്‍ക്കായി അണുവിമുക്ത ടണലുകള്‍ എന്നിവയെല്ലാം വിമാനത്താവളത്തിൽ ഒരുക്കിയിട്ടണ്ട്. അടുത്തിടെ യാത്രക്കാര്‍ക്കായി പി.പി.ഇ കിറ്റ് ഉള്‍പ്പെടെയുള്ള കൊവിഡ്-19 പ്രതിരോധ സാധനങ്ങളുടെ സ്വയം വില്‍പ്പന യന്ത്രങ്ങളും ഹമദ് വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button