Kerala Rural

കുട്ടികളുടെ ആരവങ്ങളില്ലാതെ വരവൂർ ഗവ.എൽ.പി.സ്കൂളിന്റെ ജൈവ നെൽകൃഷിയുടെ ഞാറുനടൽ!

Seedlings of organic paddy cultivation of Varavoor Govt. LP School without the noise of children!

വടക്കാഞ്ചേരി: കോവിഡ് 19 ന്റെ പശ്ചാതലത്തിലും, കുട്ടികളെല്ലാം വീട്ടിലിരുന്നിട്ടും, രക്ഷാകർത്താക്കളുടേയും, അധ്യാപകരുടേയും നേതൃത്വത്തിൽ വരവൂർ ഗവ.എൽ.പി.സ്കൂൾ തുടർച്ചയായി നാലാം വർഷവും, ജൈവ നെൽകൃഷി ചെയ്യുന്നതിന്റെ ഭാഗമായി ഞാറുനടൽ നടന്നു. വരവൂർ പഞ്ചായത്തിലെ ഒരു കൃഷിസ്ഥലം പോലും, തരിശായി കിടക്കരുതെന്ന ദൗത്യം ഏറ്റെടുത്തു കൊണ്ട് കുട്ടികളിലൂടെ രക്ഷിതാക്കൾക്ക് കൃഷിയോട് ആഭിമുഖ്യം വളർത്തിയെടുത്ത് ജൈവ നെൽകഷിയെ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടിയാണ് തുടർച്ചയായി എല്ലാ വർഷവും, കൃഷിസ്ഥലം പാട്ടത്തിനെടുത്ത് ജൈവ നെൽകൃഷിയുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. നെൽകൃഷി ചെയ്യാതെ വെറുതെ ഇടുന്ന സ്ഥലങ്ങൾ കണ്ടെത്തി ആ സ്ഥലങ്ങൾ പാട്ടത്തിനെടുക്കുകയാണ് പതിവ്. തുടർന്നു വരുന്ന വർഷം കൃഷി ഉടമ തന്നെ സ്വന്തമായി കൃഷി ചെയ്യാൻ സന്നദ്ധത കാണിക്കുന്നത്, വിദ്യാലയം ഏറെറടുത്തു നടത്തുന്ന പ്രവർത്തനത്തിന്റെ മികവായി മാറുകയാണ്.

ഞാറു നടുന്നതിന്റെ ഉദ്ഘാടനം വരവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. വിജയലക്ഷ്മി നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ എം.എ. മോഹനൻഅധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ്‌ കമ്മിറ്റി ചെയർമാൻ സി. ഗോപ കുമാർ,വരവൂർ കൃഷിഭവൻ അഗ്രികൾച്ചർ ഓഫീസർ വിജിത എ.വി. അധ്യാപികമാരായ അജിത പി.വി., ദിജി.എം.വി. ദീപ.കെ., കർഷകനായ എ.ബി.ശങ്കരൻ , എസ് എം സി ചെയർമാൻ എൻ.എച്ച് ഷറഫുദ്ദീൻ, ദീപു പ്രസാദ് എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ എം.ബി. പ്രസാദ് സ്വാഗതവും, പി ടി എ പ്രസിഡന്റ് വി.ജി. സുനിൽ നന്ദിയും പറഞ്ഞു. ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെ വീട്ടിലും ജൈവ പച്ചക്കറി കൃഷിയും കുട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്.

റിപ്പോർട്ട്: ബാബു കാങ്കലാത്ത്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button