Qatar

ഖത്തറില്‍ സ്‌കൂളുകള്‍ തുറന്നു; ആദ്യ രണ്ടാഴ്ച്ച ഹാജര്‍ നില പരിഗണിക്കില്ല

Schools open in Qatar; Attendance for the first two weeks will not be considered

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഖത്തറിലെ സ്‌കൂളുകള്‍ ഇന്നുമുതല്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്ത് ആദ്യത്തെ രണ്ടാഴ്ച്ച കുട്ടികളുടെ ഹാജർ നില പരിഗണിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്‌റാഹിം അല്‍ നുഐമി പറഞ്ഞു. രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് സമയം അനുവദിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് ഡോ. ഇബ്‌റാഹിം അല്‍ നുഐമി വ്യക്തമാക്കി.

ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌കൊണ്ട് വിദ്യാര്‍ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുട്ടികള്‍ ഫേസ് മാസ്‌ക്ക് ധരിക്കുന്നുണ്ടെന്നും ഉയര്‍ന്ന ശരീരോഷ്മാവ് ഇല്ലെന്നും രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ ആരോഗ്യ മന്ത്രാലയം വിദ്യാര്‍ഥികള്‍ക്കിടയില്‍ റാന്‍ഡം കോവിഡ് ടെസ്റ്റ് നടത്തും.

പുതിയ അധ്യയന വര്‍ഷം ലുസൈല്‍ യൂനിവേഴ്‌സിറ്റി തുറന്നു പ്രവര്‍ത്തനമാരംഭിക്കും. 800ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കാനെത്തുക. ലിവര്‍ പൂള്‍ ജോണ്‍ മൂര്‍സ് യൂനിവേഴ്‌സിറ്റിയുടെ ശാഖയും ഖത്തറില്‍ ആരംഭിക്കും.

2020-21 വിദ്യാഭ്യാസ വര്‍ഷം 3,40,000 വിദ്യാര്‍ഥികളാണ് ഖത്തറിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളില്‍ എത്തുക എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അഞ്ച് പുതിയ സര്‍ക്കാര്‍ സ്‌കളുകളും 13 സ്വകാര്യ സ്‌കൂളുകളും കിന്റര്‍ ഗാര്‍ട്ടനുകളും രാജ്യത്ത് പുതുതായി ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 283 ആയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 334 ആയും വര്‍ധിക്കും.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button