
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India – SBI) വിവിധ കാലാവധിയിലുള്ള ആകര്‍ഷകമായ സ്ഥിര നിക്ഷേപ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ സമയപരിധിയില്‍ ആകര്‍ഷകമായ പലിശ നിരക്കാണ് ചില SBI സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കി വരുന്നത്.
SBI അടുത്ത കാലത്ത് രണ്ട് പ്രധാന സ്ഥിര നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചു. ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് ഇവ രണ്ടും. എസ്‌ബിഐ വീകെയർ സീനിയർ സിറ്റിസൺ എഫ്‌ഡി സ്കീം (SBI Wecare Senior Citizen FD Scheme), എസ്ബിഐ അമൃത് കലഷ് എഫ്‌ഡി സ്കീം (SBI Amrit Kalash FD Scheme) എന്നിവയാണ് അവ.
പേര് സൂചിപ്പിക്കുന്നത് പോലെ എസ്‌ബിഐ വീകെയർ സീനിയർ സിറ്റിസൺ എഫ്‌ഡി സ്കീം (SBI Wecare Senior Citizen FD Scheme) മുതിർന്ന പൗരന്മാര്‍ക്കായി പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. അതായത് ഈ പദ്ധതിയില്‍ 60 വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ചേരുവാന്‍ സാധിക്കൂ. എന്നാല്‍, എസ്ബിഐ അമൃത് കലഷ് എഫ്ഡി സ്കീമില്‍ സാധാരണക്കാര്‍ക്കും പങ്കാളിയാകാം…
മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക FD സ്കീമായ SBI Wecare Senior Citizen FD Scheme ഒരു ആഭ്യന്തര ടേം ഡെപ്പോസിറ്റാണ്. ഈ നിക്ഷേപ പദ്ധതിയുടെ ഏറ്റവും കുറഞ്ഞ കാലയളവ് 5 വർഷമാണ്, നിക്ഷേപത്തിന്‍റെ പരമാവധി കാലയളവ് 10 വർഷവുമാണ്. ഈ FD സ്കീമിൽ ലോൺ സൗകര്യവും ലഭ്യമാണ്, അതേസമയം TDS ആദായ നികുതി നിയമം അനുസരിച്ച് ബാധകമായ നിരക്കിൽ ലഭിക്കും. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സ്ഥിര നിക്ഷേപ പദ്ധതിയാണ് ഇത്. ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
SBI Wecare സീനിയർ സിറ്റിസൺ എഫ്‌ഡി സ്കീം 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്. എന്നാല്‍, ഇപ്പോള്‍ എസ്‌ബിഐ വീകെയർ സീനിയർ സിറ്റിസൺ എഫ്‌ഡി സ്കീം (SBI Wecare Senior Citizen FD Scheme) സംബന്ധിച്ച ഒരു സുപ്രധാന വിവരം ബാങ്ക് പുറത്തു വിട്ടിരിയ്ക്കുകയാണ്. അതായത് എസ്‌ബിഐ വീകെയർ സീനിയർ സിറ്റിസൺ എഫ്ഡി സ്കീമില്‍ ചേരുവാനുള്ള സമയ പരിധി ബാങ്ക് വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. ബാങ്കിന്‍റെ വെബ്‌സൈറ്റ് പ്രകാരം മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക എഫ്ഡി സ്കീം 2024 മാർച്ച് 31 വരെ ലഭ്യമാകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്കുള്ള ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ ചേരാനുള്ള സമയപരിധി മുന്‍പ് രണ്ട് തവണ നീട്ടിയിരുന്നു.