റിയാദ്: മുസ്ലിംകളുടെ പുണ്യ തീര്‍ഥാടന കേന്ദ്രങ്ങളായ മക്കയും മദീനയും സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള ഉംറ തീര്‍ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എളുപ്പമാക്കാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ലോകത്തെങ്ങുമുള്ള ഉംറ തീര്‍ഥാടകര്‍ക്ക് വിസാ നടപടികള്‍ ഉള്‍പ്പെടെ എളുപ്പമാക്കുന്നതിനാണ് നുസുക് എന്ന പേരില്‍ പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഉംറ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള യാത്രാ നടപടിക്രമങ്ങള്‍ കൂടുതല്‍ അനായാസമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത ഏകീകൃത ഗവണ്‍മെന്റ് പ്ലാറ്റ്ഫോം ആണ് നുസുക്.
രാജ്യത്തേക്ക് വരുന്ന തീര്‍ഥാടകര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന വിഷന്‍ 2030 പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. സൗദി ടൂറിസം അതോറിറ്റിയുമായി സഹകരിച്ചാണ് ഹജ്ജ് ഉംറ മന്ത്രാലയം പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൗദിയിലേക്കുള്ള പ്രവേശന വിസ, ഉംറയും മദീന സിയാറത്തും നടത്തുന്നവര്‍ക്ക് ആവശ്യമായ പെര്‍മിറ്റുകള്‍, സൗദിയിലെ ചരിത്ര, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള യാത്രാ ബുക്കിംഗ്, താമസം ഉള്‍പ്പെടെയുള്ള ഉംറ പാക്കേജുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുടങ്ങിയ സേവനങ്ങള്‍ നുസുക് പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്.
അടുത്ത ഘട്ടത്തില്‍ ഇന്ററാക്ടീവ് മാപ്പുകള്‍, വിവിധ ഓഫറുകളുടെയും പരിപാടികളുടെയും കലണ്ടറുകള്‍, ആരോഗ്യ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, വിവിധ ഭാഷകളിലുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി നുസുക് പ്ലാറ്റ്‌ഫോം വിപുലീകരിക്കും. രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും സേവന ദാതാക്കള്‍ക്കും തങ്ങളുടെ വിവിധ സേവനങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള അവസരവും അടുത്ത ഘട്ടത്തില്‍ ഒരുക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഉംറ തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ നല്‍കുന്ന മഖാം പോര്‍ട്ടലിലെ സേവനങ്ങള്‍ അടുത്ത ഘട്ടത്തില്‍ നുസുക്കിലേക്ക് മാറ്റും.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തെത്തുന്ന തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണ് പുതിയ നുസുക് പ്ലാറ്റ്‌ഫോമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രിയും പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു. മറ്റ് മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും സഹകരിച്ച് തീര്‍ഥാടകര്‍ക്കായുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു.