Gulf News

ഫൈസര്‍ വാക്‌സിന്‍ സൗദി അംഗീകരിച്ചു; ഉടന്‍ ഇറക്കുമതിയെന്ന് അധികൃതര്‍

Saudi approves Pfizer vaccine; Officials said it would be imported soon

അമേരിക്കന്‍-ജര്‍മന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന് സൗദി അറേബ്യ അംഗീകാരം നല്‍കി. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് വാക്‌സിന്‍ രാജ്യത്ത് വിതരണത്തിന് അനുയോജ്യമാണെന്ന് അറിയിച്ചത്. നവംബര്‍ 24ന് ഫൈസര്‍-ബയോഎന്‍ടെക് കമ്പനി തങ്ങള്‍ക്ക് നല്‍കിയ വിവരങ്ങള്‍ അവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

​വാക്‌സിന്‍ സുരക്ഷിതം

Photo Credit: pixabay

ഫലപ്രാപ്തി, സുരക്ഷ, സുസ്ഥിരത, നിര്‍മാണ രീതി തുടങ്ങിയ കാര്യങ്ങളില്‍ സൗദി അറേബ്യ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുയോജ്യമാണ് വാക്‌സിനെന്ന് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. വാക്‌സിന്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. സ്വന്തമായി നടത്തുന്ന പരിശോധനകളിലുടെയും അവലോകനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതമെന്ന് കണ്ടെത്തിയാല്‍ മാത്രമേ കൊവിഡ് വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്യുകയുള്ളൂ എന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദല്‍ അലി നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് സൗദി ഭരണകൂടം മികച്ച പരിഗണന നല്‍കുന്നത് എന്നതിനാലാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

​ഇറക്കുമതി ചെയ്യാന്‍ നടപടി തുടങ്ങി

Photo Credit: pixabay

ഫൈസര്‍ വാക്‌സിന് സൗദി ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അത് ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉടന്‍തന്നെ വാക്‌സിന്‍ രാജ്യത്തെത്തുമെന്നും എത്രയും വേഗം അത് വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു.

അതിനിടെ, സൗദിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ മുന്നോടിയായി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിക്കാന്‍ സൗദി ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. വാക്‌സിന്‍ വിതരണം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് രജിസ്‌ട്രേഷന്‍ നടപടി.

​കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കില്ല

Photo Credit: pixabay

സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും സൗദി ആരോഗ്യമന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2021 അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാനാണ് സൗദി ലക്ഷ്യമിടുന്നത്. അതേസമയം, കൊവിഡ് പ്രതിരോധ വാക്സിന്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കില്ല. കുട്ടികളില്‍ വാക്സിന്‍ എത്രമാത്രം സുരക്ഷിതമാണെന്ന കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button