Health

സാനിറ്റൈസർ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക, ഇല്ലെങ്കിൽ അപകടം!

Sanitizer use only with caution, otherwise dangerous!

നിത്യോപയോഗ വസ്തുക്കളിലെ പ്രധാനപ്പെട്ട ഒന്നായി മാറിയിട്ടുണ്ട് ‘സാനിറ്റൈസർ’. കൊവിഡ് 19 പ്രതിരോധത്തിലെ പ്രധാന താരമായതിനാൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. പണക്കാരനും പാവപ്പെട്ടവനും വ്യത്യാസമില്ലാതെ, കൊവിഡ് 19 പ്രതിരോധത്തിന്റെ സമവാക്യമായി മാറിയിട്ടുണ്ട് സാനിറ്റൈസറും മാസ്കും. വൈറസ് വ്യാപനം രൂക്ഷമായതോടെ കുഞ്ഞുങ്ങൾ പോലും ഉച്ഛരിച്ചു തുടങ്ങിയ ഒന്നായിരിക്കുന്നു ഈ വസ്തു. എന്നാൽ കോവിഡ് പടരുന്നതിന് മുൻപ് വരെ ഇങ്ങനൊരു ഉത്പന്നത്തെക്കുറിച്ച് ഭൂരിഭാഗം പേരും കേട്ടിട്ട് പോലുമില്ല എന്നത് വാസ്തവം. വിപണിയിൽ ആവശ്യക്കാരില്ലാതെ ഒതുങ്ങിയിരുന്ന സാനിറ്റൈസർ ഇപ്പോൾ ലോക ജനതയുടെ മുഴുവൻ കൈകളിലുമെത്തി. ഉപയോഗിക്കാനുള്ള സൗകര്യവും പരമാവധി സുരക്ഷയും നൽകാൻ കഴിവുള്ളതിനാലാണ് എല്ലാവരുടെയും പോക്കറ്റിൽ സാനിറ്റൈസർ സ്ഥാനം പിടിച്ചത്. അത്ര സുരക്ഷിതമാണോ? രണ്ട് വിധം സാനിറ്റൈസറുകളാണ് വിപണിയിൽ ഇറങ്ങുന്നത്. ആൽക്കഹോൾ അടങ്ങിയതാണ് ഒന്ന്.

70 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളാണ് ഉദ്ദേശിച്ച ഫലം നൽകുക. മീതൈൽ ആൽക്കഹോൾ, ഐസോ പ്രൊപൈൽ ആൽക്കഹോൾ എന്നിവയാണ് ഇതിൽ ഉപയോഗിക്കുന്നത്. ആൽക്കഹോളിന് പകരം കീടനാശിനികളിൽ ഉപയോഗിക്കുന്ന ട്രൈക്ലോസാൻ ചേർക്കുന്നതാണ് രണ്ടാമത്തേത്. ഇത് വളരെ പെട്ടെന്ന് ത്വക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെയും പേശികളുടെ ബലത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. അപകടങ്ങൾ ഇങ്ങനെ: തീ പിടിക്കാൻ സാധ്യത: ആൽക്കഹോൾ പോലുള്ളവ അടങ്ങിയിട്ടുള്ളതിനാൽ സാനിറ്റൈസറുകൾ കത്തിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ സാനിറ്റൈസറുകൾ കൈകളിൽ പുരട്ടിയ ഉടൻ തന്നെ ഗ്യാസ് പോലുള്ളവ ഓൺ ചെയ്യാനോ തീ പിടിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ പോകാനോ പാടില്ല.

സാനിറ്റൈസർ പുരട്ടിയ ഉടൻ ഇത്തരം സാഹചര്യങ്ങളുമായി ബന്ധപ്പെടേണ്ടി വന്നാൽ ഉടൻ തന്നെ ശുദ്ധ ജലത്തിൽ കൈ കഴുകാൻ ശ്രദ്ധിക്കുക. ഉടൻ കഴിക്കരുത്: സാനിറ്റൈസർ കൈകളിൽ പുരട്ടിയ ഉടൻ ഭക്ഷണം കഴിക്കരുത്. കൈകളിൽ പുരട്ടിയ ഉടൻ തന്നെ ഭക്ഷണം കഴിക്കുമ്പോൾ സാനിറ്റൈസറിന്റെ അംശം ആഹാരത്തോടൊപ്പം ഉള്ളിൽ പോകും. ഇത് ആരോഗ്യത്തിന് നല്ലതല്ല. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ ശേഷിയെ ഇല്ലാതാക്കാൻ ഇതു വഴിവെക്കും. കൈകളിലെ അണുക്കളെ ഇല്ലാതാക്കാൻ കഴിയും എന്നത് മാത്രമാണ് ഇതിന്റെ ഗുണം. ശരീരത്തിനുള്ളിൽ കടന്നാൽ അപകടകാരിയാകുമെന്ന് തീർച്ച.

മാസ്കിൽ സാനിറ്റൈസർ പുരട്ടുന്നത് നല്ലതാണോ?

സേഫ്റ്റി പ്രധാനം തന്നെ, എന്നാൽ അതിബുദ്ധി വേണ്ട. പൂർണ്ണ സുരക്ഷിതത്വം ലഭിക്കാൻ മാസ്കിൽ സാനിറ്റൈസർ പുരട്ടുന്ന പലരുമുണ്ട്. എന്നാൽ ഇത് ഗുണത്തേക്കാൾ ദോഷം ചെയ്യും. ശ്വാസ തടസ്സമോ മറ്റ് ശ്വസന പ്രശ്നങ്ങളോ ഉള്ളവർ ഇക്കാര്യത്തിൽ തീർച്ചയായും ശ്രദ്ധിക്കണം. കഴുകി ഉപയോഗിക്കുന്ന മാസ്കുകളിലാണ് ഇത്തരം കാര്യങ്ങൾ ചെയ്യാറുള്ളത്. സാനിറ്റൈസർ പുരട്ടുന്നതിനു പകരം വൃത്തിയായി കഴുകിയാൽ മാത്രം മതി. കഴുകുന്ന വെള്ളത്തിൽ അണുനശീകരണത്തിനായി ഡെറ്റോൾ പോലുള്ളവ ഉപയോഗിക്കാം. അടച്ചിട്ട വാഹനങ്ങളിൽ ശ്രദ്ധയോടെ മാത്രം: അടച്ചിട്ട വാഹനങ്ങളിൽ സാനിറ്റൈസറുകൾ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വാഹനത്തിനുള്ളിലെ ചൂട് കൂടിയ പ്രതലങ്ങളിൽ ഇവ സൂക്ഷിക്കുന്നത് സാനിറ്റൈസർ വിഷ വാതകമായി മാറാൻ കാരണമാകും. തട്ടി മറിഞ്ഞു പോകാതിരിക്കാനും ശ്രദ്ധ വേണം.

കുഞ്ഞുങ്ങൾക്ക് എത്തിപ്പിടിക്കാവുന്ന തരത്തിൽ സാനിറ്റൈസറുകൾ സൂക്ഷിക്കരുത്. അശ്രദ്ധമായി തുറന്ന് മുഖത്തോ വയ്ക്കുള്ളിലോ ദ്രാവകം ആകുന്നതിനുള്ള സാധ്യത കൂടുതലാണ്. സുഗന്ധവും നല്ലതല്ല: പല ബ്രാൻഡുകളുടെയും സാനിറ്റൈസറുകൾ വിപണിയിൽ ലഭ്യമാണ്. മിക്കതും പല തരത്തിലുള്ള സുഗന്ധങ്ങൾ ചേർത്തവ.സാനിറ്റൈസറുകളിൽ സുഗന്ധത്തിനായി ചേർക്കുന്ന സിന്തറ്റിക് ഫ്രാഗ്രൻസിലെ രാസ വസ്തുക്കൾ കുഞ്ഞുങ്ങളുടെ ശരീരത്തിലെത്തുന്നത് പല രോഗങ്ങൾക്കും കാരണമാകും. പ്രത്യേക ഗന്ധമൊന്നും ചേർക്കാതെയും സാനിറ്റൈസറുകൾ ലഭ്യമാണ്. ഇവയിൽ ആൽക്കഹോൾ ഉൾപ്പെടെയുള്ളവയുടെ ഗന്ധം ഉയർന്നു നിൽക്കും. ചിലർക്ക് തുടർച്ചയായി ഇത്തരം ഗന്ധം ശ്വസിക്കുന്നത് തലവേദനയും മറ്റ് അലർജി പ്രശ്നങ്ങളുമുണ്ടാക്കും. ഇങ്ങനെയുള്ളവർ യോജിച്ചു പോകുന്ന സാനിറ്റൈസർ കൈവശം കരുതണം. കൈകൾ വരണ്ടു തുടങ്ങിയോ? സാനിറ്റൈസർ കാരണം നിങ്ങളുടെ കൈകൾ വരണ്ടു തുടങ്ങിയോ, കൈകളിലെ തൊലിയ്ക്ക് പുറമെ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നുണ്ടോ? സ്ഥിരമായി യാത്ര ചെയ്യേണ്ടി വരുന്നവർക്കും ജോലി ചെയ്യുന്നവർക്കുമെല്ലാം സാനിറ്റൈസർ ഒഴിച്ചു നിർത്താനാവില്ല. വൈറസിൽ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കാനായി കൃത്യമായ ഇടവേളകളിൽ കൈകൾ സാനിറ്റൈസ് ചെയ്തേ മതിയാകൂ. എന്നാൽ കഴിഞ്ഞ ആറു മാസമായി തുടർച്ചയായി ഉപയോഗിക്കുന്നവരിൽ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ട്.

രാത്രി കിടക്കുന്നതിനു മുൻപ് കറ്റാർവാഴ ജെൽ കയ്യിൽ പുരട്ടുന്നത് ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരമാണ്. വീട്ടിൽ ലഭ്യമായതോ പായ്ക്കറ്റിൽ ഉള്ളവയോ ഉപയോഗിക്കാം. എന്നാൽ ചുരുക്കം ചിലർക്ക് കറ്റാർ വാഴയും അലർജിയുണ്ടാക്കുന്നുണ്ട്. ഇവർ ശുദ്ധമായ വെളിച്ചെണ്ണ കൈകളിൽ പുരട്ടുന്നത് ഗുണം ചെയ്യും. വിർജിൻ കോക്കനട്ട് ഓയിൽ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്. സ്വന്തമായി കയ്യിൽ കരുതാം ഒരു ഷോപ്പിങ് തീരുമ്പോഴേക്കും എത്ര തവണ സാനിറ്റൈസർ കൈകളിൽ പടരും? നാലോ അഞ്ചോ സ്ഥലങ്ങളിൽ പോകേണ്ടതുണ്ടെങ്കിൽ കൈകളിൽ നീറ്റൽ അനുഭവപ്പെടുമെന്നുറപ്പ്. പല സ്ഥലങ്ങളിലും ആൽക്കഹോൾ കൂടിയതും, എന്നാൽ ഗ്ലിസറിൻ പോലെ മൃദുത്വം നൽകുന്ന ഘടകങ്ങൾ ഇല്ലാത്തതുമായ സാനിറ്റൈസറുകളായിരിക്കും നൽകുന്നത്. അതിനാൽ കൈകൾക്ക് കൂടുതൽ പ്രശ്നം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ യോജിച്ച സാനിറ്റൈസറുകൾ കയ്യിൽ കരുതുകയും ആവശ്യമായ സമയങ്ങളിൽ ഉപയോഗിക്കുകയും ചെയ്യാം. ഷോപ്പിങ് പൂർത്തിയാക്കിയ ശേഷവും കൈകൾ വൃത്തിയാക്കുക.

സോപ്പ് തന്നെ നല്ലത് കൈകൾ വൃത്തിയാക്കാൻ സോപ്പും വെള്ളവും തന്നെയാണ് നല്ലത്. എന്നാൽ വാഹനങ്ങളിലും മറ്റും ഇത് പ്രായോഗികമല്ല. അതിനാൽ സാഹചര്യം അനുകൂലമാണെങ്കിൽ സോപ്പും വെള്ളവും തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് വീടുകളിൽ. എന്നാൽ അല്പം സമയമെടുത്തു വൃത്തിയായി കഴുകണമെന്ന് മാത്രം. സോപ്പും വെള്ളവും ലഭ്യമാകുന്ന സാഹചര്യങ്ങളിൽ അനാവശ്യമായി സാനിറ്റൈസറുകൾ ഉപയോഗിക്കേണ്ടതില്ല എന്ന് ചുരുക്കം.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button