Kerala

‘സൈജു യുവതികളെ ഭീഷണിപ്പെടുത്തി, ഫോണിൽ ചിത്രങ്ങളും വീഡിയോയും’

'Saiju threatens girls, pictures and videos on phone'

കൊച്ചി: വാഹനാപകടത്തിൽ മരിച്ച അഞ്ജന ഷാജനും അൻസി കബീറും സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. നിരവധി യുവതികളെ സൈജു ഭീഷണിപ്പെടുത്തിയതായി ജില്ലാ ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

സൈജു ഭീഷണിപ്പെടുത്തിയ യുവതികളെ കണ്ടെത്തി ഇവരിൽ നിന്ന് പരാതി എഴുതി വാങ്ങാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. സൈജുവിൻ്റെ മൊബൈൽ ഫോണിൽ നിരവധി യുവതികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമുണ്ട്. ഇവർ ആരാണെന്നും അന്വേഷണം നടക്കുന്നുണ്ട്. സൈജുവിനൊപ്പം ഡി.ജെ പാർട്ടികളിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ വിശദമായ വിവരങ്ങൾ ലഭ്യമാകുമെന്ന വിലയിരുത്തലാണുള്ളത്.

ഡി.ജെ പാർട്ടികളിൽ എത്തിയിരുന്ന യുവതികളെ സൈജു ലക്ഷ്യമിട്ടിരുന്നുവെന്നാണ് വിലയിരുത്തൽ. ഇയാളുടെ ഫോനിൽ നിന്ന് ഡി. ജെ പാർട്ടികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ വീഡിയോയിലുള്ള യുവതികളെ തിരിച്ചറിഞ്ഞ് ഇവരിൽ നിന്ന് മൊഴിയെടുക്കാനാണ് തീരുമാനം. ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ച് ബ്ലാക്‌മെയിൽ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ഒക്ടോബർ 31ന് രാത്രി ഫോർട്ടുകൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടലിൽ നിന്ന് അഞ്ജന ഷാജനും അൻസി കബീറും പുറത്തേക്ക് പോകാൻ കാരണം സൈജുവിൻ്റെ സാന്നിധ്യവും ഇടപെടലുകളും ശല്യമായതോടെയാണെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. മോഡലുകൾ ഇവിടെ നിന്ന് കാറിൽ പോയതിന് പിന്നാലെയാണ് സൈജു മറ്റൊരു കാറിൽ ഇവരെ പിന്തുടർന്നത്. നിശാപാർട്ടികളിൽ എത്തുന്ന യുവതീയുവാക്കളെ ലഹരി ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് സൈജു പതിവാക്കിയിരുന്നു.

ചോദ്യം ചെയ്യൽ നടപടികളോട് സൈജു സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളെ ‘നമ്പർ 18’ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സൈജുവുമായി നിരന്തരം ബന്ധപ്പെട്ട ഇയാളുടെ സുഹൃത്തുക്കളെ സംബന്ധിച്ചും അന്വേഷണമുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ സൈജു ഉപയോഗിച്ചിരുന്ന ഫോണിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

ഡി.ജെ പാർട്ടികളിലടക്കം സൈജു ലഹരിമരുന്ന് വിതരണം ചെയ്തുവെന്നും പാർട്ടിയിൽ പങ്കെടുക്കാൻ എത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ഡി.ജെ പാർട്ടികളിലും സൈജു പങ്കെടുത്തിരുന്നു. ഇതിൻ്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഇത് സംബന്ധിച്ച പ്രത്യേക അന്വേഷണത്തിനും സാധ്യതയുണ്ട്.

സൈജുവിൻ്റെ സാമ്പത്തിക വളർച്ച സംബന്ധിച്ച് അന്വേഷണം നടത്തും. ഇൻ്റീരിയൽ ഡിസൈനിൽ ഡിപ്ലോമ മാത്രമുള്ള ഇയാൾ ആഡംബര കാറുകൾ സ്വന്തമാക്കിയിരുന്നു. സൈജു ഉപയോഗിക്കുന്ന ഓഡി കാർ 20 ലക്ഷം രൂപ നൽകി സെക്കൻഡ് ഹാൻഡായി വാങ്ങിയതാണ്. ലഹരിമരുന്ന് ഇടപാടുകളിലൂടെയാണോ വാഹനങ്ങൾ വാങ്ങാൻ സൈജു പണം സമ്പാദിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ നരഹത്യ, ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടരുക എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്. മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച ഓഡി കാറും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. കളമശേരി മെട്രോ പോലീസ് സ്റ്റേഷനിൽ ഹാജരായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഹോട്ടലിൽ നിന്നും മോഡലുകൾ സഞ്ചരിച്ച കാറിനെ സൈജു പിന്തുടർന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മോഡലുകളുടെ മരണത്തിന് ശേഷം സൈജു തങ്കച്ചൻ ഒളിവിൽ പോകുകയും മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തിരുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button