ബാങ്കിനെ കബളിപ്പിക്കാന്‍ ജുവലറിയില്‍ കവര്‍ച്ചാ നാടകം; ഉടമയും സഹായികളും പോലീസ് കസ്റ്റഡിയിൽ
Robbery drama at jewelery to defraud bank; The owner and his accomplices are in police custody
മുംബൈ: ബാങ്ക് അധികൃതരെ കബളിപ്പിക്കാന്‍ സ്വന്തം ജൂവലറിയില്‍ നടത്തിയ കവര്‍ച്ചാ നാടകം പൊളിഞ്ഞതോടെ ഉടമയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ് ചെയ്തു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ചാന്ദ്‌നി മഹലില്‍ വെള്ളിയാഴ്ച നടന്ന കവര്‍ച്ചാ നാടകമാണ് ദിവസങ്ങള്‍ക്കകം പൊളിഞ്ഞത്.
ജുവലറിയില്‍നിന്ന് 2.6 കിലോ സ്വര്‍ണം ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ കവര്‍ച്ച ചെയ്തുവെന്ന ഫോണ്‍ സന്ദേശം വെള്ളിയാഴ്ചയാണ് പോലീസിന് ലഭിക്കുന്നത്. പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി ജുവലറി ഉടമ അഭിജിത്ത് സാമന്തയോട് വിവരങ്ങള്‍ ആരാഞ്ഞു.
മറ്റ് ജുവലറികള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്യുന്നയാളാണ് അഭിജിത്ത്. രാത്രി 8.35 ഓടെ ബുര്‍ഖ ധരിച്ച സ്ത്രീ തന്റെ ഓഫീസിലെത്തി തോക്കുചൂണ്ടി 50,000 രൂപയും ലോക്കറിന്റെ താക്കോലുകളും പിടിച്ചുവാങ്ങിയെന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. പിന്നീട് അവര്‍ തന്റെ കൈയ്യും കാലും കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും ചെയ്തു. അതിനുശേഷം ലോക്കര്‍ തുറന്ന് 1.6 കിലോഗ്രാം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളും ഒരു കിലോ തൂക്കമുള്ള സ്വര്‍ണക്കട്ടിയും അപഹരിച്ച് കടന്നു കളഞ്ഞുവെന്നാണ് ജുവലറി ഉടമ പോലീസിനോട് പറഞ്ഞത്.
ചാന്ദ്‌നി മഹല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ജുവലറി ഉടമയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളകാര്യം തുടക്കംമുതലേ പോലീസ് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സംശയം ബലപ്പെട്ടു. കവര്‍ച്ച നടത്താന്‍ ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയുടെ പെരുമാറ്റത്തില്‍ പോലീസിന് സംശയം തോന്നി. തുടര്‍ന്ന് ജുവലറി ഉടമയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ നാടകം താന്‍ തന്നെയാണ് ആസൂത്രണം ചെയ്തതെന്ന് അയാള്‍ പോലീസിനോട് സമ്മതിച്ചത്.
ഫര്‍ഹാന്‍, മുന്ന എന്നിവരുടെ സഹായത്തോടെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അയാള്‍ വെളിപ്പെടുത്തി. സ്വന്തം ജുവലറിയിലുള്ള സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി മൂന്ന് ബാങ്കുകളില്‍നിന്ന് വായ്പ എടുത്തിരുന്നുവെന്ന് അഭിജിത്ത് പോലീസിനോട് പറഞ്ഞു. ജുവലറിയില്‍ കവര്‍ച്ച നടന്നുവെന്ന് ബാങ്ക് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് വായ്പയില്‍ ഇളവ് നേടുന്നതിനാണ് കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തത്. യഥാര്‍ഥ സ്വര്‍ണാഭരണങ്ങളും സ്വര്‍ണക്കട്ടിയും തോക്കുമല്ല കവര്‍ച്ചാ നാടകത്തിന് ഉപയോഗിച്ചതെന്നും ജുവലറി ഉടമ പോലീസിനോട് പറഞ്ഞു. ഫര്‍ഹാന്‍ എന്ന സഹായിയാണ് കളിത്തോക്ക് സംഘടിപ്പിച്ചത്. മുന്ന എന്നയാള്‍ ബുര്‍ഖ ധരിച്ച് കവര്‍ച്ചക്കാരനായി എത്തുകയും ചെയ്തു.