ചതിച്ച് പോയവര്‍ക്കും തള്ളി പറഞ്ഞവര്‍ക്കും ഉള്ള മറുപടി: ജോസ് കെ മാണി
Reply to those who cheated and rejected: Jose K. Mani
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടേത് ഉജ്ജ്വല വിജയമെന്ന് ജോസ് കെ മാണി. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന സംശയത്തിന് ജനം മറുപടി നല്‍കിയെന്നും അഭിമാനകരമായ വിജയമെന്നും ജോസ് കെ മാണി പ്രതികരിച്ചു.
‘എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയായിരുന്നു കോട്ടയം. യുഡിഎഫ് കോട്ടകളിലെല്ലാം ചരിത്രമാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന സംശയത്തിന് ജനം മറുപടി നല്‍കി. ജനക്ഷേമ പദ്ധതികള്‍ മുന്‍നിര്‍ത്തി വലിയ സ്വീകാര്യത ഇടതു ഭരണത്തോട് ജനങ്ങള്‍ക്ക് ഉണ്ട്’, ജോസ് കെ മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന ജോസ് കെ മാണി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പാലാ നഗരസഭയുടെ 68 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതു മുന്നണി ഭരണം പിടിച്ചെടുക്കുന്നത്. പാലാ നഗരസഭയ്‌ക്കൊപ്പം സമീപ പഞ്ചായത്തുകളിലും ജോസ് കെ മാണിയുടെ പിന്തുണയില്‍ ഇടതു മുന്നണിയില്‍ ഭരണം നേടി.
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനും ജോസ് കെ മാണി വിഭാഗത്തിനായി. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഇടതു മുന്നേറ്റവും ജോസ് കെ മാണിയുടെ അക്കൗണ്ടിലാണ്. മാണി സാറിനെ രാഷ്ട്രീയമായി വഞ്ചിച്ചവര്‍ക്കുള്ള ജനങ്ങളുടെ മറുപടിയാണെന്നും സത്യത്തിന്റെ വിജയമാണെന്നും ജോസ് കെ മാണി. പിന്തുണയും സ്‌നേഹവും നല്‍കി ഇടതുപക്ഷ മുന്നണിയെയും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും വിജയിപ്പിച്ച എല്ലാവര്‍ക്കും വിജയം സമര്‍പ്പിക്കുന്നെന്നും ജോസ് കെ മാണി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.