രമ്യ ഹരിദാസിന് പുതിയ ചുമതല; ഇനി യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി
Remya Haridas gets new assignment; He is now the National General Secretary of the Youth Congress
ന്യൂഡൽഹി: യുവ കോൺഗ്രസ് നേതാവും എംപിയുമായ രമ്യ ഹരിദാസിന് പുതിയ ചുമതല നല്‍കി പാര്‍ട്ടി. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായാണ് രമ്യ ഹരിദാസിനെ തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളടക്കം രമ്യ ഹരിദാസിനെ അഭിനന്ദിച്ച രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ആലത്തൂര്‍ എംപിയാണ് രമ്യ ഹരിദാസ്.
കഴിഞ്ഞ വര്‍ഷം രമ്യ ഹരിദാസിനെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായി നിയമിച്ചിരുന്നു. എട്ടു മാസത്തിനു ശേഷമാണ് സംഘടനയുടെ ജനറൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം.
ആറു വര്‍ഷം മുൻപ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ ടാലൻ്റ് ഹണ്ടിലായിരുന്നു രമ്യ ഹരിദാസിനെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് 2015ൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റായിരുന്ന ആലത്തൂരിൽ പി കെ ബിജു എംപിയെ അട്ടിമറിച്ച് ലോക്സഭയിലെത്തുകയായിരുന്നു.
കെഎസ്‍യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച രമ്യ ഹരിദാസ് മഹിളാ കോൺഗ്രസ് നേതാവ് രാധയുടെയും പി ഹരിദാസിൻ്റെയും മകളാണ്. 2012ൽ ജപ്പാനിൽ നടന്ന ലോകയുവജനസമ്മേളനത്തിലടക്കം രമ്യ പങ്കെടുത്തിട്ടുണ്ട്. ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിൻ്റെ മുഖ്യപ്രവര്‍ത്തകയായിരുന്ന രമ്യ ഹരിദാസ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആദിവാസി, ദളിത് സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.