ആറ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട്; തുറക്കുന്ന ഡാമുകള്‍ ഇവയാണ്
Red alert on six dams; These are the opening dams

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു. പൊന്മുടി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍, മൂഴിയാര്‍, കുണ്ടള അണക്കെട്ടുകളിലാണ് റെഡ് അലേര്‍ട്ട് തുടരുന്നത്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്.
സംസ്ഥാനത്തെ വലിയ ഡാമുകളില്‍ നിലവില്‍ ആശങ്കയുടെ സാഹചര്യമില്ല. പരമാവധി സംഭരണശേഷിയിലേക്ക് എത്തിക്കാതെ ക്രമീകരണം തുടരാനാണ് നിലവിലെ തീരുമാനം. ചാലക്കുടിയിലും ഡാമുകളുടെ വൃഷ്ടി പ്രദേശത്തും മഴ കുറഞ്ഞത് അനുകൂലമായി. കടലിലേക്കുള്ള ഒഴുക്ക് സുഗമമായതും ജലനിരപ്പ് ഉയരാതിരിക്കാന്‍ കാരണമാണ്. ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളില്‍ ഇപ്പോഴും ജാഗ്രത തുടരുകയാണ്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വിനോട് അടുത്താല്‍ ഇന്ന് തന്നെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കും. പെരിങ്ങല്‍കുത്തില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ആശ്വാസത്തിന്റെ പ്രധാന കാരണം. ഇടുക്കിയില്‍ ഇടവിട്ട് ശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.75 അടിക്ക് മുകളിലെത്തി.
കൊല്ലം തെന്മല ഡാം ഇന്ന് രാവിലെ 11 ന് തുറക്കും. കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍, മലമ്പുഴ ഡാമുകളും ഇന്ന് രാവിലെ തുറന്നേക്കും. ഇടുക്കി കല്ലാര്‍ അണക്കെട്ടും ഇന്ന് തുറന്നേക്കും. കല്ലാര്‍ പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടര്‍ തുറന്നിട്ടുണ്ട്. ചിമ്മിനി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നുണ്ട്. കുറുമാലി പുഴയുടെ തീരത്തുള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള ഷോളയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്.